കൊല്ലം:ചവറ സ്വദേശികളായ നാലംഗ കുടുംബത്തിന് നേരെ ഹോട്ടലുടമയുടെ നേത്യത്വത്തിൽ ഗുണ്ടാ ആക്രമണം. സ്ത്രീകളും കൈ കുഞ്ഞുമടങ്ങുന്ന കുടുംബത്തിന് നേരെയാണ് കൊല്ലം മുളങ്കാടകം നെല്ല് മുക്കിന് സമീപം ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമയുടെ നേത്യത്വത്തിൽ ആക്രമണം ഉണ്ടായത്. ചവറ സ്വദേശികളായ ശൈലജ പ്രസാദ് ഇവരുടെ മക്കളായ പ്രണവ്, പ്രജീഷ്, പ്രജീഷിന്‍റെ ഭാര്യ ശായി, പ്രജീഷിന്‍റെ ഒൻപത് മാസം പ്രായമായ കുഞ്ഞ് എന്നിവർ സഞ്ചരിച്ച കാർ ഹോട്ടലിന് സമീപം പാർക്ക് ചെയ്തെന്നാരോപിച്ചാണ് കുടുംബത്തിന് നേരെ ആക്രമണം നടന്നത്. ചവറയിൽ നിന്നും യൂസ്ഡ് കാർ വാങ്ങാനായി കൊല്ലത്തേക്ക് വരികയായിരുന്നു കുടുംബം. നെല്ല് മുക്കിന് സമീപത്തെ യുസ്‌ഡ് കാർ വില്പനശാലയിൽ കയറാനായി ഹോട്ടലിന് സമീപം കുടുംബം സഞ്ചരിച്ച കാർ പാർക്ക് ചെയ്തതാണ് ഹോട്ടലുകാരെ പ്രകോപിപ്പിച്ചത്.
കൊല്ലത്ത് കുടുംബത്തിന് നേരെ ഹോട്ടലുടമയുടെ നേത്യത്വത്തിൽ ഗുണ്ടാ ആക്രമണം - kollam news
കാർ ഹോട്ടലിന് സമീപം പാർക്ക് ചെയ്തെന്നാരോപിച്ചാണ് കുടുംബത്തിന് നേരെ ആക്രമണം നടന്നത്.
കാർ ഇവിടെ പാർക്ക് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ നിന്നും ഒരാൾ വന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ കാർ മാറ്റിയിടാൻ പോകവേയാണ് ഹോട്ടലുടമ അസഭ്യം പറഞ്ഞത്. ഇത് ചോദ്യം ചെയ്ത് കാർ ഓടിച്ച പ്രജീഷിനെ അക്രമിക്കുകയും ചെയ്തു .ഇത് തടയാൻ ശ്രമിച്ച പ്രജീഷിന്‍റെ അമ്മയേയും, സഹോദരനെയും ഹോട്ടലുകാർ കൂട്ടം ചേർന്ന് മർദിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ഹോട്ടലുകാർക്കെതിരെ തിരിഞ്ഞതോടെ ദേശീയ പാതയിൽ സംഘർഷാവസ്ഥ ഉണ്ടായി. സംഭവമറിഞ്ഞ് പൊലീസ് എത്തി ഇരുകൂട്ടരെയും വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി .ആക്രമണത്തിൽ പരുക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. കുടുംബത്തെ ആക്രമിച്ചവർക്കെതിരെ കേസെടുക്കുമെന്ന് വെസ്റ്റ് സി.ഐ അറിയിച്ചു.