കൊല്ലം :അഷ്‌ടമുടിക്കായലിലെ മാലിന്യ പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മിഷന് പിന്നാലെ ഹൈക്കോടതിയുടെ ഇടപെടൽ. കൊല്ലം സ്വദേശി നൽകിയ കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിച്ച് സ്വമേധയാ കേസെടുത്താണ് ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഈ മാസം 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, കെടിഡിസി എംഡി, ഫോറസ്റ്റ് കൺസർവേറ്റർ, തുടങ്ങി വിവിധ വകുപ്പ് മേധാവികളെയും ജില്ല കലക്‌ടർ അടക്കമുള്ളവരെയും എതിർകക്ഷികൾ ആക്കിയാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്.
അതേസമയം കോടതിയുടെ നിർദേശപ്രകാരം സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ) മെമ്പർ സെക്രട്ടറി കെ.ടി നിസാർ സ്ഥലം സന്ദർശിച്ചു. തുടർ നടപടികളുടെ ഭാഗമായി കെൽസയുടെ നേതൃത്വത്തിൽ ആശ്രാമം ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ എതിർകക്ഷികളുടെ അഭിപ്രായവും ആരാഞ്ഞു.