കൊല്ലം: ബാധയൊഴിപ്പിക്കാൻ യുവതിയെ നഗ്നപൂജ നടത്താൻ ശ്രമിച്ചെന്ന കേസിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന. മന്ത്രവാദിയുടെ സഹായിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി അബ്‌ദുൽ ജബ്ബാറിന്‍റെ സഹായി കണ്ണങ്കോട് ചരുവിളവീട്ടിൽ സിദ്ദിഖി(40)നെയാണ് തമിഴ്‌നാട്ടിലെ മധുരയിൽനിന്ന് ചടയമംഗലം ഇൻസ്പെക്‌ടർ സുനിൽ ജോർജിന്‍റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.
ബന്ധുവായ 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് സിദ്ദിഖിന്‍റെ പേരിൽ പൂയപ്പള്ളി പൊലീസ് പോക്സോ കേസ് എടുത്തിരുന്നു. അതിനാൽ പ്രതിയെ പൂയപ്പള്ളി പൊലീസിന് കൈമാറും. സിദ്ധിഖിനെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
നഗ്നപൂജയുമായി ബന്ധപ്പെട്ട കേസിലെ മറ്റു പ്രതികളായ കുരിയോട് നെട്ടേത്തറ ശ്രുതിനിലയത്തിൽ ഷാലു സത്യൻ, സഹോദരി ശ്രുതി എന്നിവർക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഭർത്തൃമാതാവ് ലൈഷയെ പൊലീസ് നേരത്തേ അറസ്‌റ്റ് ചെയ്തെങ്കിലും അവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ALSO READ:'നഗ്നപൂജയ്ക്ക് ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു'; ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനുമെതിരെ ആരോപണവുമായി യുവതി
ആറ്റിങ്ങൽ സ്വദേശിയും പരാതിക്കാരിയുമായ യുവതിയെ 2016ലാണ് ഷാലു സത്യൻ വിവാഹം കഴിച്ചത്. മധുവിധു യാത്രയുടെ പേരിൽ യുവതിയെ പലസ്ഥലത്തും കൊണ്ടുപോയി മന്ത്രവാദത്തിനു പ്രേരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.