കൊല്ലം:കയാക്കിംഗിനിടെവിനോദ സഞ്ചാരികളെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പരവൂർ പൊഴിക്കര മുക്കം ലക്ഷ്മിപുരം തോപ്പിൽ പ്രവർത്തിക്കുന്ന വാട്ടർ സ്പോർട്‌സ് കേന്ദ്രത്തിൽ നിന്നും ഗൈഡിനൊപ്പം പരവൂർ കായലിൽ കയാക്കിംഗ് നടത്തുന്നതിനിടയിലാണ് ഒരു കൂട്ടം സാമൂഹിക വിരുദ്ധർ വിനോദ സഞ്ചാരികളെ ആക്രമിച്ചതെന്നാണ് പരാതി.
റഷ്യൻ സ്വദേശികളായ രണ്ടു പേരും ഡൽഹി സ്വദേശികളായ രണ്ടു പേരുമാണ് കയാക്കിങ്ങിനായി എത്തിയിരുന്നത്. ഇവരോടൊപ്പം ഗൈഡും ഉണ്ടായിരുന്നു. ഇവർ കയാക്കിംഗ് നടത്തി വരുന്നതിനിടയിൽ കോതേത്ത് കടവിൽ എത്തിയപ്പോൾ കായലിൽ നീന്തുകയും ഒപ്പം മദ്യപാനത്തിലും ഏർപ്പെട്ടിരുന്നവർ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ജീവഹാനി വരുത്താൻ ശ്രമിക്കുകയുമായിരുന്നു.
കൊല്ലത്ത് വിനോദ സഞ്ചാരികൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഇവിടെ നിന്നും രക്ഷപ്പെട്ട വിനോദ സഞ്ചാരികൾ, ടി.എസ് കനാൽ വഴി വീണ്ടും തുഴച്ചിൽ നടത്തുന്നതിനിടയിൽ ഇരുചക്ര വാഹനത്തിൽ റോഡ് മാർഗം പിൻതുടർന്ന അക്രമികൾ ഇവരെ അസഭ്യം വിളിക്കുകയും കല്ലെറിഞ്ഞ് വെള്ളത്തിൽ വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു. ഇവർ സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ സഹിതമാണ് പരവൂർ പൊലീസിൽ വിനോദ സഞ്ചാരികൾ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതേത്തു കടവിൽ നിന്നും രണ്ട് ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പരവൂർ പൊലീസ് അറിയിച്ചു.
ALSO READ: കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ; ഒരാളെ പിടികൂടി