കൊല്ലം: നീണ്ടകര ഫിഷ് ഹാര്‍ബര്‍ അടച്ചതിനെ തുടര്‍ന്ന് പട്ടിണികൊണ്ട് അവശരായ കൊക്കുകള്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പ്.ബ്ലൂ ഹെറോണ്‍ ഇനത്തില്‍പ്പെട്ട ഇരുപതോളം കൊക്കുകളെ ഹാര്‍ബര്‍ പരിസരത്തും സമീപത്തെ മരങ്ങളിലും അവശരായി കണ്ടെത്തിയിരുന്നു . കൊക്കുകളുടെ ദാരുണാവസ്ഥയെക്കുറിച്ച് പൊലീസാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വിവരം അറിയിച്ചത്.
വിശന്ന് വലഞ്ഞ് കൊക്കുകള്‍; ആശ്വാസവുമായി മൃഗസംരക്ഷണ കേന്ദ്രം - ബ്ലൂ ഹെറോണ്‍
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പല സ്ഥാപനങ്ങളും അടച്ചതിനെ തുടർന്ന് നിരവധി ജന്തു ജീവജാലങ്ങൾക്ക് ആഹാരം ലഭിക്കാതായി.ഇത്തരത്തിൽ നീണ്ടകരയിൽ കണ്ടെത്തിയ അവശരായ കൊക്കുകൾക്ക് മൃഗസംരക്ഷണ വകുപ്പ് ആശ്രയമായി.
കേന്ദ്രത്തിലെ ഡിസീസ് കണ്‍ട്രോള്‍ സെല്ലില്‍ നിന്നും ഡോക്‌ടര്‍മാരെത്തി കൊക്കുകളെ പരിശോധിച്ചു. ഇതിനിടെ ചത്തുപോയ ഒരു കൊക്കിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കല്‍ ലബോറട്ടറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു. ആഹാരം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ അവശതയും നിര്‍ജ്ജലീകരണവുമാണ് മരണകാരണമെന്ന് കണ്ടെത്തി. വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച ജീവനുള്ള കൊക്കുകൾക്ക് ചാളത്തീറ്റകള്‍ നല്‍കി.
കടല്‍ത്തീര കൊക്കുകളായ ബ്ലൂ ഹെറോണ്‍ തീരത്തെ ആവാസ വ്യവസ്ഥയോട് മാത്രം പൊരുത്തപ്പെടുന്നവരാണ്. ഉള്‍ക്കടലിലോ നാട്ടിലേക്കോ ഇവ തീറ്റ തേടിപ്പോകാറില്ല. അവശരാകുന്ന കൊക്കുകളെ തെരുവ് നായ്ക്കളും ആക്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷയും തീറ്റയും ശുദ്ധജലവും ആവശ്യമാണ്. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.കെ തോമസ്, അസിസ്റ്റന്‍റ് ഡയറക്‌ടര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ഡോ. സൈറ റാണി, ഡോ. നിജിന്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.