കൊല്ലം: അഞ്ചലിൽ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തി കെ.എസ്.യു-കോൺഗ്രസ് പ്രവർത്തകർ. പ്രകടനത്തിനിടെയും കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇരുകൂട്ടരേയും പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടലും നടന്നു.
വിദ്യാർഥി സംഘർഷത്തിൽ നാല് കെ.എസ്.യു പ്രവർത്തകർക്കും ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്. മൂന്നാം വർഷ വിദ്യാർഥികളായ യദുചന്ദ്രൻ, ഗൗതം, രണ്ടാം വർഷ വിദ്യാർഥിയായ ആൽവിൻ, കെ.എസ്.യു പ്രവർത്തകനായ മാഹീൻ, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അഞ്ചൽ സെന്‍റ് ജോൺസ് കോളജിൽ ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ കോളജിന് പുറത്ത് ഏറ്റുമുട്ടുകയായിരുന്നു. വെള്ളിയാഴ്ച ഫ്രഷേഴ്‌സ് ഡേ ആഘോഷിക്കാൻ വിദ്യാർഥികൾ അനുവാദം ചോദിച്ചിരുന്നെങ്കിലും കോളജ് അധികൃതർ അനുവാദം നൽകിയില്ല. തുടർന്ന് കോളജിന് പുറത്ത് ആഘോഷ പരിപാടി സംഘടിപ്പിച്ചു. വൈകിട്ടോടെ ഏതാനും വിദ്യാർഥികൾ കോളജിന് മുന്നിൽ എത്തുകയും ഇവർ തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തു.