കൊല്ലം:Algal bloom Kerala:മത്സ്യങ്ങൾക്കും മറ്റു ജല ജീവികൾക്കും വൻ ഭീഷണി ഉയർത്തി പ്ലവക വിസ്ഫോടനം, അഥവാ ആൽഗൽ ബ്ലൂം എന്ന പ്രതിഭാസം അറബി കടലിൽ തുടർക്കഥയാകുന്നു.
കടലൊഴുക്കിന്‍റെ വേഗത കുറയുകയും ഉപരിതല ജല ഊഷ്‌മാവിൽ വർദ്ധന ഉണ്ടാകുകയും ചെയ്യുമ്പോൾ ചില ഇനം സൂക്ഷ്‌മ സസ്യ പ്ലവകങ്ങളുടെ വംശം അനിയന്ത്രിതമായി വർദ്ധിക്കുന്നതാണ് പ്ലവക വിസ്ഫോടനം, അല്ലെങ്കില്‍ ആൽഗൽ ബ്ലൂം എന്ന പ്രതിഭാസം എന്ന് വിദഗ്ധർ പറയുന്നു.
പച്ച, ചുവപ്പ്, ബ്രൗൺ നിറങ്ങളിൽ ഇവ കാണാറുണ്ട്. ഇതുപോലെ ചൂടില്ലാത്ത പ്രകാശം പരത്തുന്ന ബയോലൂമിനിസൻസ് എന്ന പ്രതിഭാസത്തിന് കാരണം ഡയനോബാക്‌ടീരിയ എന്ന ഏകകോശ പ്ലവകങ്ങളുടെ അനിയന്ത്രിത വ്യാപനമാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായി അനുഭവപ്പെടുന്ന അധിക മഴയിൽ വൻതോതിൽ നൈട്രജൻ ഫോസ്‌ഫറസ് പോഷകങ്ങൾ കടലിലേക്ക് ഒഴുകിയെത്തുന്നതും ഈ പ്ലവകങ്ങളുടെ വളർച്ചയെ സഹായിക്കുന്നു.