വൻ വരൾച്ചാ ഭീഷണിയിൽ കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ ഇത്തിക്കരയാറടക്കം വറ്റി വരണ്ടതോടെ കുടിവെള്ളക്ഷാമവും പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്. വരൾച്ചയ്ക്ക് മുമ്പ് തന്നെ പഞ്ചായത്തിന്‍റെ പല മേഖലകളിലും കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ഗ്രാമ പഞ്ചായത്തിന് ഇനിയും സാധിച്ചിട്ടില്ല.
വരൾച്ചാ ഭീഷണിയിൽ അലയമൺ ഗ്രാമപഞ്ചായത്ത്
അലയമൺ ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ഇത്തിക്കരയാറ് പൂർണ്ണമായും വറ്റിവരണ്ടിരിക്കുകയാണ്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലും ആനക്കുളം, ഉള്ളാട്ടി കുന്ന്, ചേറ്റാടി ചതുപ്പ് തുടങ്ങിയ ആനക്കുളം മേഖലകളും കുറവൻ തേരി, പുഞ്ചക്കോണം പുല്ലാഞ്ഞിയോട്, മീൻകുളം ചണ്ണപ്പേട്ട, പുത്തയം, കരു കോൺ എന്നീ മേഖലകളും വൻ കുടിവെള്ള ദൗർലഭ്യമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇവിടെയെല്ലാം പൈപ്പ് ലൈനുകൾ സ്ഥാപിച്ചാൽ മാത്രമേ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ.
അടിയന്തിരമായി പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഈ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.