കൊല്ലം:വിളകളുടെ രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുന്ന പ്ലാന്‍റ് ഹെല്‍ത്ത് ക്ലിനിക്കുകളായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളെയും മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. ആദിച്ചനല്ലൂര്‍ ഗ്രമാപഞ്ചായത്തിലെ കൃഷിഭവന്‍റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഓഫീസിന്‍റെ ഐ.എസ്.ഒ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷികവൃത്തിയെ ജനകീയവല്‍കരിക്കുന്നതിന്‍റെ ഭാഗമായി കൃഷിപാഠ ശാലകള്‍ ആരംഭിക്കും. വിരമിച്ച കൃഷി ഓഫീസര്‍മാരുടെ ഉള്‍പ്പെടെയുള്ളവരുടെ സേവനം കൃഷിപാഠശാലയില്‍ ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ പത്തുലക്ഷം പേര്‍ക്ക് കൃഷിയുടെ സാങ്കേതികവും പാരമ്പര്യവുമായ അറിവ് പകര്‍ന്നുകൊടുക്കാന്‍ കൃഷി പാഠശാലയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി ഭവനുകള്‍ പ്ലാന്‍റ് ഹെല്‍ത്ത് ക്ലിനിക്കുകളാക്കി ഉയര്‍ത്തും: മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ബ്ലോക്ക് തലത്തില്‍ കാര്‍ഷിക കര്‍മസേനയെ സജ്ജമാക്കിയതിന്‍റെ പ്രയോജനം ലഭ്യമായിത്തുടങ്ങി. നിലവിലുള്ള സേനക്ക് പുറമേ 200ല്‍ അധികം പുതിയ കര്‍മസേന ഉടന്‍ രൂപീകരിക്കും. അഗ്രി സെന്‍ററുകള്‍ ആരംഭിച്ചതിലൂടെ കാര്‍ഷിക യന്ത്രങ്ങളുടെ വിപുലീകരണം സാധ്യമാക്കി. ഇത്തരം നിരവധി പ്രവര്‍ത്തനത്തിലൂടെ കേരളത്തില്‍ കാര്‍ഷിക രംഗത്ത് പുത്തന്‍ മുന്നേറ്റം സാധ്യമായിട്ടുണ്ട്.
ആരോഗ്യ രംഗവുമായി ചേര്‍ന്ന് ആരോഗ്യത്തിന് ഗുണകരമായ കൃഷികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. കാലാന്തരത്തില്‍ കൈമോശംവന്ന തനത് കാര്‍ഷിക വിളകളെ മലയാളികളുടെ തീന്‍മേശയിലേക്ക് തിരികെ കൊണ്ടുവന്ന് വിഷരഹിതവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം. 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതിയിലൂടെ വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.