കേരളം

kerala

ETV Bharat / state

കുട്ടിയെ തട്ടിക്കൊണ്ടുപോയത് സമീപവാസികളാകാം; തെരച്ചിൽ ഊർജ്ജിതമെന്ന് എഡിജിപി - കൊല്ലം തട്ടിക്കൊണ്ടുപോകൽ

Kollam Girl Abduction : തെക്കൻ കേരളമൊട്ടാകെ പോലീസ് പരിശോധന നടത്തി. ജനങ്ങള്‍ ഉള്‍പ്പെടെ തിരച്ചിലിന് ഇറങ്ങിയതോടെ പ്രതികള്‍ കുട്ടിയെ വിട്ടയക്കാൻ നിർബന്ധിതരായെന്നും എഡിജിപി എം ആർ അജിത് കുമാർ.

ADGP MR Ajitkumar  MR Ajitkumar Responds After Finding Abducted Girl  Kollam Girl Abduction  Kollam Girl Kidnappers  ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി  കൊല്ലം തട്ടിക്കൊണ്ടുപോകൽ  അബിഗേല്‍ സാറ റെജി
ADGP MR Ajitkumar Responds After Finding Abducted Girl From Kollam

By ETV Bharat Kerala Team

Published : Nov 28, 2023, 9:48 PM IST

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് എഡിജിപി എം ആർ അജിത് കുമാർ (ADGP MR Ajitkumar Responds After Finding Abducted Girl From Kollam). തട്ടിക്കൊണ്ടുപോകലിനു പിന്നിൽ സമീപവാസികൾ ആരെങ്കിലുമാകാം എന്നും അത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു എഡിജിപി.

അന്വേഷണം പുരോഗമിക്കുകയാണെന്നും തട്ടിക്കൊണ്ടുപോയവരിലേക്ക് എത്താനുള്ള പരമാവധി തെളിവുകൾ ശേഖരിച്ചുവരികയാണെന്നും എം ആർ അജിത് കുമാർ വ്യക്തമാക്കി. കുട്ടിയെ സുരക്ഷിതയായി കിട്ടിയത് സന്തോഷകരമാണ്. നാട്ടുകാര്‍ക്കും, മാധ്യമപ്രവർത്തകര്‍ക്കും സാധാരണ പൊലീസുകാര്‍ക്കുമൊപ്പം എസ്‌പി, ഡിഐജി, ഐജി, എഎസ്‌പി തുടങ്ങി എല്ലാവരും കുട്ടിയെ കണ്ടെത്താന്‍ ഉറങ്ങാതെ പ്രവർത്തനങ്ങൾ നടത്തി. ജനങ്ങള്‍ ഉള്‍പ്പെടെ തെരച്ചിലിന് ഇറങ്ങിയതോടെ പ്രതികള്‍ കുട്ടിയെ വിട്ടയക്കാൻ നിർബന്ധിതരായെന്നും എഡിജിപി പറഞ്ഞു.

തെക്കൻ കേരളമൊട്ടാകെ പോലീസ് പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തെരച്ചിൽ ദൗത്യത്തിൽ പൂർണ്ണ പിന്തുണയും പങ്കാളിത്തവും നൽകിയതിന് പൊതുജനങ്ങൾ, മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, താഴെത്തട്ടിൽ നിന്ന് ഉന്നത തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറോളം പൊലീസ് നടത്തിയ പരിശ്രമത്തിന് സർക്കാര്‍ ആത്മാർഥമായ പിന്തുണ നല്‍കിയതായും എഡിജിപി പറഞ്ഞു. ഓരോ മണിക്കൂറിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും തങ്ങളെ ഫോളോഅപ്പ് ചെയ്യുന്നുണ്ടായിരുന്നെന്നും എം ആർ അജിത് കുമാർ കൂട്ടിച്ചേർത്തു.

Also Read:'അബിഗേല്‍ സാറ ആരോഗ്യവതി, കേരളത്തിന് ആശ്വാസമായി'; കുട്ടിയെ സന്ദര്‍ശിച്ച് രാഷ്‌ട്രീയ നേതാക്കള്‍

കുഞ്ഞ് ആരോഗ്യവതി:അബിഗേൽആരോഗ്യവതിയാണെന്നും എന്നാല്‍ രാത്രിയില്‍ ഉറങ്ങാത്തതിന്‍റെ ക്ഷീണം ഉണ്ടെന്നും എആര്‍ ക്യാമ്പിലെത്തി കുട്ടിയെ കണ്ടശേഷം പത്തനാപുരം എംഎല്‍എ കെബി ഗണേഷ്‌ കുമാര്‍ പറഞ്ഞു. ചോദിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം കുഞ്ഞ് മറുപടി പറഞ്ഞെന്നും തനിക്ക് ഉമ്മ തന്നെന്നും അദ്ദേഹം പറഞ്ഞു. തന്നെയും കൊല്ലം എംഎല്‍എ മുകേഷിനെയും കുട്ടി തിരിച്ചറിഞ്ഞു. മാധ്യമങ്ങളും പൊലീസും വളഞ്ഞിരിക്കുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതോടെ പ്രതികള്‍ക്ക് കുട്ടിയുമായി ജില്ല വിട്ട് പോകാനായില്ല. പൊലീസ് നെറ്റ്‌വര്‍ക്ക് അത്രത്തോളമായിരുന്നെന്നും കെബി ഗണേഷ്‌ കുമാര്‍ പറഞ്ഞു. നാട്ടുകാരുടെയും പൊലീസിന്‍റെയും കൂട്ടായ ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി:കുട്ടിയെ കണ്ടെത്താനായതിൽമാധ്യമ പ്രവര്‍ത്തകരോട് അങ്ങേയറ്റത്തെ നന്ദിയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. താന്‍ രാവിലെ മുതല്‍ വാര്‍ത്തകളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരളം ഒന്നടങ്കം ആഗ്രഹിച്ച കാര്യം:കുട്ടിയ്‌ക്ക് ആരോഗ്യപരമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേരളം ഒന്നടങ്കം ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുന്നത്. യാതൊരു പ്രശ്‌നവുമില്ലാതെ കുഞ്ഞിനെ തിരികെ ലഭിച്ചെന്നത് ഏറ്റവും ആശ്വാസകരമായ കാര്യമാണ്. നാട്ടുകാരുടെ ആശങ്കയെല്ലാം ദൂരികരിച്ചു കൊണ്ട് ആശ്രാമ മൈതാനത്തില്‍ നിന്നും കുഞ്ഞിനെ കണ്ടുകിട്ടി. പൂര്‍ണ ആരോഗ്യത്തോടെ കുഞ്ഞിനെ കണ്ടുകിട്ടിയത് ഏറെ ആശ്വാസകരമാണ്. ഇനി ബാക്കി കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കും. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടരാതിരിക്കണമെങ്കില്‍ കേസിന്‍റെ നിജസ്ഥിതി പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:കുഞ്ഞ് അബിഗേല്‍ സുഖമായിരിക്കുന്നു; കടപ്പാട് പങ്കുവച്ച് അമ്മയും സഹോദരനും

ABOUT THE AUTHOR

...view details