കൊല്ലം:കേരളത്തില്‍ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ജില്ലകളിലൊന്നാണ് കൊല്ലം. സിനിമാ താരങ്ങളായ എം മുകേഷ്, കെബി ഗണേഷ് കുമാർ, ടെലിവിഷൻ താരമായ വിവേക് ഗോപൻ എന്നിവർ മത്സരിക്കുന്നതു കൊണ്ട് മാത്രമല്ല, സിനിമാ രംഗത്തെ പല പ്രമുഖരുടേയും സുഹൃത്തുക്കൾ മത്സരിക്കുന്ന ജില്ല കൂടിയാണ് കൊല്ലം. മെഗാസ്റ്റാർ മോഹൻലാൽ ചവറയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷിബുബേബി ജോണിന് വേണ്ടിയാണ് വോട്ട് അഭ്യർഥിച്ചത്.
മണ്ണിലിറങ്ങി താരങ്ങൾ, കൊല്ലത്തും കുണ്ടറയിലും ചവറയിലും ആവേശത്തിര - മോഹൻലാൽ
കൊല്ലത്ത് സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് മോഹൻലാൽ അടക്കമുള്ള താരങ്ങൾ. മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ളവർ അവസാനദിവസത്തിൽ പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന.
മണ്ഡലത്തിലെ ജനങ്ങളുടെ വിഷയങ്ങൾ ആത്മാർഥമായി പരിഹരിക്കുന്നയാളാണ് ഷിബുവെന്ന് മോഹൻലാൽ വീഡിയോ സന്ദശത്തിലൂടെ പറഞ്ഞു. നാടിന്‍റെ വികസനത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഒരുപാട് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പ്രിയപ്പെട്ട സുഹൃത്തായ, സഹോദര തുല്യനായ ഷിബുവിന് എല്ലാവിധ ആശംസയും നേരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കൊല്ലത്തെ ഇടതുസ്ഥാനാർഥിയും സിനിമാതാരവുമായ എം. മുകേഷിനു വേണ്ടി റോഡ് ഷോയുമായി ആസിഫ് അലി എത്തിയപ്പോൾ, പൊതുസമ്മേളനത്തിൽ മുൻ എം.പിയും താരവുമായ ഇന്നസെന്‍റ് ചിരിവാക്കുകളിലൂടെ വോട്ടർമാരെ കൈയിലെടുക്കുകയായിരുന്നു.
കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയ്ക്ക് വേണ്ടിയും എത്തി താരപ്രചാരകർ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായിരുന്ന നടൻ ജഗദീഷ് ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി റോഡ് ഷോ നടത്തിയാണ് വോട്ട് തേടിയത്. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥിന് വേണ്ടി രംഗത്തിറങ്ങിയത് നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ്. പത്തനാപുരത്തെ ഇടതുസ്ഥാനാര്‍ഥി കെ.ബി ഗണേഷ് കുമാറിന് വേണ്ടി മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ളവർ അവസാനദിവസത്തിൽ പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന.