കൊല്ലം: നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊല്ലം സിറ്റി പൊലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 33 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. അമിത വേഗം, തെറ്റായ ഓവർടേക്കിങ്, റോഡിന്‍റെ മധ്യ ഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങളിലാണ് നടപടി.
നഗര പരിധിയിലെ ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, കൊല്ലം ട്രാഫിക്ക് എന്നി സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന. വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിൽ 77 ബസുകളാണ് പരിശോധിച്ചത്. കപ്പിത്താൻ ജങ്‌ഷന്‍, മുളംങ്കാടകം, കച്ചേരിമുക്ക്, ചിന്നക്കട ബസ്‌ബേ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.