കൊല്ലം : ഖത്തറില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. ശക്തികുളങ്ങര കല്ലുംമൂട്ടില്‍ തോപ്പില്‍ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ അഴീക്കല്‍ സ്വദേശി ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്‌മി ചന്ദ്രശേഖരന്‍(33), ഭര്‍ത്താവ് പ്രവീണ്‍ കുമാര്‍ (38) എന്നിവരാണ് മരിച്ചത്.
റോഷിന്‍റെയും ആന്‍സിയുടെയും മൂന്ന് വയസുള്ള മകന്‍ ഗുരുതര പരിക്കുകളോടെ ഖത്തര്‍ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്‌ച രാത്രി ദോഹയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ അല്‍ഖോറിലായിരുന്നു അപകടം. അല്‍ഖോറിലെ ഫ്‌ളൈ ഓവറിൽ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് വാഹനം പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അഞ്ച് പേരും മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ അല്‍ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ വെള്ളിയാഴ്‌ച നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. പ്രവാസി സംഘടനകളുമായി ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.
റോഷിൻ്റെയും ആൻസിയുടെയും മൃതദേഹങ്ങൾ ശക്തികുളങ്ങര പള്ളി സെമിത്തേരിയിലും ജിജോയുടെ മൃതദേഹം ആലപ്പാട് സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിലും സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു, കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു : ബെംഗളൂരുവിൽ യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പ്രകാശ് നഗർ സ്വദേശി കൃഷ്‌ണപ്പയാണ് (55) മരിച്ചത്. ജൂൺ 25ന് രാവിലെ 10:30ഓടെയായിരുന്നു അപകടം. കർണാടകയിലെ രാജാജി നഗർ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.