കൊല്ലം:കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ഭരണാഘടനാ വിരുദ്ധവും, നിയമ വിരുദ്ധവുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരള സർക്കാർ ഈ പ്രശ്നം കോടതിയുടെ മുന്നിൽ എത്തിക്കുകയാണ്. കേരളത്തിന്‍റെ ഈ നീക്കം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും വഴികാട്ടിയാകുമെന്നും കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളീയം 2021 തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് തടയപ്പെടണം: പ്രകാശ് കാരാട്ട് ചോദ്യം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതി ഉണ്ടാകരുത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് തടയപ്പെടണം. ആർക്കും ചോദ്യം ചെയ്യാനാവാത്ത സ്ഥിതി മാറണം. കോടതിയിലും, ജുഡീഷ്യൽ അന്വേഷണം വഴിയും പുതിയ വഴി തേടുകയാണെന്നും കാരാട്ട് പറഞ്ഞു. കോൺഗ്രസ് നാൾക്കു നാൾ താഴേക്കു പോവുകയാണ്. ഇടത് പക്ഷത്തിന്‍റെയല്ല സ്വന്തം പാർട്ടിയുടെ ഭാവിയാണ് എകെ ആന്‍റണി ശ്രദ്ധിക്കേണ്ടത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും ഇല്ലാത്ത അവസ്ഥ വരും. ഇക്കുറി കരുത്തരായ യുവത്വത്തെയാണ് ബംഗാളിൽ ഇടതുപക്ഷം സ്ഥാനാർഥികളാക്കിയതെന്നും കാരാട്ട് പറഞ്ഞു.രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആർട്ടിക്കിൾ 24 പ്രകാരമുള്ള നടപടികളിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധ തരംഗമില്ല. ഭക്ഷ്യ കിറ്റ് ഉൾപ്പടെയുള്ള നടപടികൾ അഭിനന്ദാർഹമാണ്. പ്രതിസന്ധി ഘട്ടങ്ങളിലെ ഭരണ നിർവ്വഹണം ജനം വിലയിരുത്തി. ശബരിമല ഈ തെരഞ്ഞെടുപ്പിൽ വിഷയമല്ല. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.