കൊല്ലം: ഏരൂരിൽ വ്യാജവൈദ്യൻ നൽകിയ മരുന്ന് കഴിച്ച നാല് വയസുകാരനടക്കം നൂറോളംപേർക്ക് വ്യക്ക, കരൾ രോഗങ്ങൾ ബാധിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ വ്യാജവൈദ്യൻ അമിത അളവിൽ മെർക്കുറി കലര്‍ന്ന മരുന്നാണ് നൽകിയത്. വ്യാജ വൈദ്യനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകി.
ഏരൂരിൽ വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർക്ക് ഗുരുതര രോഗം - കൊല്ലം
ഏരൂർ സ്വദേശി ഉബൈദിൻറെ മകൻ നാല് വയസുകാരൻ മുഹമ്മദ് അലിയുടെ ത്വക്ക് രോഗം ഭേദമാക്കാനാണ് തെലുങ്കാന സ്വദേശിയായ ലക്ഷ്മൺ രാജ് എന്ന വൈദ്യനെ സമീപിച്ചത്
![ഏരൂരിൽ വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർക്ക് ഗുരുതര രോഗം വ്യാജവൈദ്യൻ ഏരൂർ Crime news Fake doctor കൊല്ലം Kollam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5771503-thumbnail-3x2-d-g.jpg)
ഏരൂർ സ്വദേശി ഉബൈദിൻറെ മകൻ നാല് വയസുകാരൻ മുഹമ്മദ് അലിയുടെ ത്വക്ക് രോഗം ഭേദമാക്കാനാണ് തെലുങ്കാന സ്വദേശിയായ ലക്ഷ്മൺ രാജ് എന്ന വൈദ്യനെ സമീപിച്ചത്. വൈദ്യൻ നൽകിയ മരുന്ന് പത്ത് ദിവസത്തോളം കുഞ്ഞിന് നൽകി. കടുത്ത പനിയും തളർച്ചയും ശരീരമാസകലം നീരും ബാധിച്ച കുഞ്ഞിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തോളം വെന്‍റിലേറ്ററിൽ മരണത്തോട് മല്ലിട്ട് കുഞ്ഞ് കിടന്നു. വൈദ്യൻ നൽകിയ മരുന്നിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്നാണെന്ന് കണ്ടെത്തിയത്.
ലാബിൽ നടത്തിയ ശാസ്ത്രീയപരിശോധനയിൽ അനുവദനീയമായതിന്‍റെ ഇരുപതിരട്ടിയിലധികം മെർക്കുറി ഇയാൾ മരുന്നിൽ ചേർത്തിരുന്നെന്ന് കണ്ടെത്തി. വ്യാജവൈദ്യന്‍റെ മരുന്നു കഴിച്ച ഏരൂർ സ്വദേശികളായ നൂറോളംപേർ കരൾ, വൃക്കരോഗങ്ങൾ ബാധിച്ച് ചികിത്സയിലാണ്. 5000 മുതൽ 20000 രൂപ വരെയാണ് വ്യാജവൈദ്യൻ വിഷമരുന്നിന് ഈടാക്കിയിരുന്നത്. ഇയാൾക്കെതിരെ നാട്ടുകാർ ഏരൂർ പൊലീസിൽ പരാതി നൽകി.