കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേല്‍ സാറ റെജിയെ കണ്ടെത്തി കൊല്ലം : ഓയൂരില്‍ നിന്ന് ഇന്നലെ വൈകിട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പ്രതികള്‍ കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അബിഗേലിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. പ്രതികള്‍ക്കായി പൊലീസ് ആശ്രാമം മൈതാനം പരിസരത്തും കൊല്ലം നഗരത്തിലും വ്യാപക തെരച്ചില്‍ നടത്തിവരികയാണ് (Abducted Girl Abigail Sara Reji Found in Kollam).
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തിനടുത്ത് ആളൊഴിഞ്ഞയിടത്ത് ഇരിക്കുന്ന നിലയില്‍ നാട്ടുകാരാണ് കുട്ടിയെ കണ്ടത്. സമീപത്തുണ്ടായിരുന്ന കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ആറുവയസുകാരിയെ കൊല്ലം കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു.
20 മണിക്കൂര്‍ പിന്നിട്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കിട്ടുന്നത്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവശേഷം സന്തോഷവാര്‍ത്തയെത്തിയത് കുടുംബത്തിനും സംസ്ഥാനത്തിനാകെയും ഏറെ ആശ്വാസമായി. പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിത തെരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഓയൂരില്‍ നിന്ന് ഇന്നലെ വൈകിട്ട് 4.20നാണ് (27.11.23) കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ഇതിന് ഉപയോഗിച്ചത് മാരുതി സ്വിഫ്‌റ്റ് ഡിസയർ കാർ ആണെന്ന നിഗമനത്തിലാണ് പൊലീസ്. അക്രമിസംഘത്തിലെ ഒരാളുടെ രേഖാചിത്രം ഇന്ന് പുലർച്ചെ പൊലീസ് പുറത്തുവിട്ടിരുന്നു (Kollam kidnapping case sketch of the accused is out).
ഇന്ന് രാവിലെ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ആസൂത്രിതമായാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈല്‍ഫോണുകൾ ഉപയോഗിക്കാതെയും കാറിന് വ്യാജനമ്പർ ഉപയോഗിച്ചുമായിരുന്നു കടത്തിക്കൊണ്ടുപോകല്‍. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം കുട്ടിയുടെ സഹോദരനും കടക്കാരിയും തിരിച്ചറിഞ്ഞിരുന്നു.
Also Read : അബിഗേല്‍ സാറ റെജിക്കായി നാടടച്ച് തെരച്ചില്‍, വിവരം ലഭിക്കുന്നവര്‍ 112-ല്‍ അറിയിക്കണം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വ്യാപക അന്വേഷണം നടത്തിയത്. ഇന്നലെ സഹോദരനോടൊപ്പം ട്യൂഷന് പോയി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ (6) മാസ്‌ക് ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നത്. മണിക്കൂറുകൾക്ക് ശേഷം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോണിലൂടെ സംഘം ബന്ധപ്പെടുകയും ചെയ്‌തിരുന്നു.