കൊല്ലം: ഒടുവില്‍ കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന സഫലമായി (Abducted girl found at kollam). 21 മണിക്കൂറോളം മലയാളികളെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയിലാഴ്ത്തിയെങ്കിലും അബിഗേലിനെ (Abigail sara reji) സുരക്ഷിതയായി കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് കേരളം. കേരളമൊന്നടങ്കം ഉള്ളുരുകി നടത്തിയ പ്രാര്‍ത്ഥന ഫലം കണ്ടു. കുഞ്ഞ് അബിഗേല്‍ സുരക്ഷിതയെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് കേരളം ശ്രവിച്ചത്.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രതീക്ഷ വറ്റാതെ മനമുരുകി പ്രാര്‍ത്ഥിച്ച അബിഗേലിന്‍റെ മാതാപിതാക്കളുടെ മുഖത്ത് ഒടുവില്‍ പുഞ്ചിരി പടര്‍ന്നു. ബന്ധുക്കളെ ചേര്‍ത്തു പിടിച്ച് അവര്‍ ആനന്ദാശ്രു പൊഴിച്ചു. കുഞ്ഞിനെ കണ്ടെത്താന്‍ വൈകുന്ന ഓരോ നിമിഷവും കുഞ്ഞിന്‍റെ സുരക്ഷ സംബന്ധിച്ചുയര്‍ന്ന ഭീതിയുടെ ഇരുള്‍ വകഞ്ഞു മാറ്റി ഉച്ചയോടെ പ്രതീക്ഷയുടെ പ്രകാശം പരക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞ് അബിഗേലിനെ ആശ്രാമം മൈതാനത്തു നിന്നു കണ്ടെത്തിയതെങ്കിലും കുഞ്ഞിന്‍റെ ആരോഗ്യ നില തീര്‍ത്തും തൃപ്‌തികരമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ഇന്നലെ വൈകിട്ട് 4.20 ന് കൊല്ലം ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമല റജി ഭവനില്‍ റജി ജോണിന്‍റെയും സിജിയുടെയും രണ്ടാമത്തെ മകള്‍ അബിഗേലിനെ കാറിലെത്തിയ സംഘം തട്ടിയെടുത്ത് കടന്നു കളഞ്ഞത്. വിവരമറിഞ്ഞതു മുതല്‍ സമീപ ഗ്രാമങ്ങള്‍ ഒന്നടങ്കം റജി ഭവനിലേക്കെത്തി. കടന്നു പോകുന്ന ഓരോ നിമിഷത്തെയും ആശങ്കയോടെ കണ്ട നാട്ടുകാര്‍ പ്രാര്‍ത്ഥനയുമായി കുടുംബത്തിനൊപ്പം കൂടി, മതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
സംഭവം നടന്നയുടന്‍ തന്നെ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പല സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ശക്തമാക്കി. ഡിഐജി നിശാന്തിനി, റേഞ്ച് ഐജി സ്‌പര്‍ജന്‍ കുമാര്‍ എന്നിവര്‍ അന്വേഷണം നേരിട്ട് ഏറ്റെടുത്തു. കുട്ടിയെ കാണാതായതു മുതല്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ നിരന്തരം ലൈവ് സംപ്രേക്ഷണവുമായി ഇതിനൊപ്പം നിന്നു.