കേരളം

kerala

ETV Bharat / state

തമ്പിലെ കുതിപ്പും കിതപ്പും; ഒരു നൂറ്റാണ്ട് പിന്നിട്ട് ഗ്രേറ്റ് ബോംബെ സര്‍ക്കസ്

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ സര്‍ക്കസ് കനത്ത പ്രതിസന്ധിയിലായി. പലരും തമ്പ് വിട്ട് മറ്റ് ജോലികളിലേക്ക് ചേക്കേറി

By

Published : Sep 26, 2019, 11:41 AM IST

Updated : Sep 26, 2019, 2:21 PM IST

സര്‍ക്കസ്

കൊല്ലം:നൂറ്റാണ്ടിന്‍റെ ചരിത്ര താളുകളില്‍ എഴുതിചേര്‍ക്കപ്പെട്ട പേരുകളിലൊന്നാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസ്. 100 കൊല്ലത്തെ പ്രൗഢ പാരമ്പര്യമുള്ള ബോബെ സര്‍ക്കസിനെ വിസ്മയത്തോടെ ജനങ്ങള്‍ കണ്ടിരുന്ന കാലമുണ്ടായിരുന്നു. പഴയ പ്രതാപമില്ലെങ്കിലും ഇന്ന് നിലനില്‍ക്കുന്ന സര്‍ക്കസ് കമ്പനികളില്‍ പ്രമുഖനാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസ്.

തമ്പിലെ കുതിപ്പും കിതപ്പും; ഒരു നൂറ്റാണ്ട് പിന്നിട്ട് ഗ്രേറ്റ് ബോംബെ സര്‍ക്കസ്

കൊല്ലം ആശ്രമം മൈതാനത്ത് പതിവ് പോലെ ഇക്കുറിയും കാണികളെ വിസ്മയിപ്പിക്കാന്‍ അവരെത്തി. ഒരു കാലത്ത് സിംഹവും കടുവയും ആനയും കരിമ്പുലിയും എല്ലാം ബോബെ സര്‍ക്കസിന്‍റെ ഭാഗമായിരുന്നു. ഒപ്പം മികവുറ്റ കലാകാരന്മാരും. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ സര്‍ക്കസ് കനത്ത പ്രതിസന്ധിയിലായി. പലരും തമ്പ് വിട്ട് മറ്റ് ജോലികളിലേക്ക് ചേക്കേറി. അതേസമയം, പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കസിനെ ഉപേക്ഷിക്കാത്ത കുറേയധികം പേരുണ്ട് ഈ ടെന്‍റിനുള്ളില്‍. കൂടെ തുടങ്ങിയവരാരും ഒപ്പമില്ലെങ്കിലും തമ്പിലെ ജീവിതത്തിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ് ബീഹാര്‍ ഛപ്ര സ്വദേശിയായ തുളസീദാസ് ചൗധരി.

ഇന്ത്യന്‍ സര്‍ക്കസ് രംഗത്തെ ഏറ്റവും ചെറിയകലാകാരന്മാരില്‍ ഒരാളാണ് തുളസീദാസ് എന്ന മൂന്നരയടി ഉയരക്കാരന്‍. മരിക്കുവോളം സര്‍ക്കസിനൊപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. പഴയ ഹാസ്യ നമ്പറുകള്‍ കൊണ്ടൊന്നും ഇപ്പോഴത്തെ കാണികളെ കയ്യിലെടുക്കാന്‍ കഴിയില്ലെന്നാണ് തുളസീദാസ് പറയുന്നത്. അസലായി തലശ്ശേരി ഭാഷ സംസാരിക്കുന്ന ചൈനാകാരിയായ സീദുവിനും ചിലത് പറയാനുണ്ട്. അച്ഛനും അമ്മയും ചൈനീസ് വംശജരാണെങ്കിലും സീദു ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണ്. കണ്ണൂര്‍ പിണറായിയില്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പമാണ് താമസം. ചെറുപ്പകാലം മുതല്‍ കണ്ടു തുടങ്ങിയ സര്‍ക്കസിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പഴയ പ്രൗഢിയിലേക്ക് തിരിച്ചുവരുമെന്നും സീദു പറയുന്നു.

ഒരു നൂറ്റോണ്ടോളം സര്‍ക്കസ് എന്ന കലയെ ജനകീയമാക്കിയ ഗ്രേറ്റ് ബോംബെ സര്‍ക്കസ് അടുത്ത വര്‍ഷത്തോടെ കളം വിടുമെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സര്‍ക്കസിനെ സ്‌നേഹിക്കുന്ന തമ്പിലെ ജീവിതങ്ങള്‍ തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് അപ്പുറം മറ്റൊന്നുമില്ലെന്ന മറുപടിയോടെ.

Last Updated : Sep 26, 2019, 2:21 PM IST

ABOUT THE AUTHOR

...view details