കൊല്ലം:62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആശ്രാമം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ചലച്ചിത്ര താരം നിഖിലാ വിമലാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി (Kerala School Youth Festival At Kollam).
പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, എൻ കെ പ്രേമചന്ദ്രൻ എംപി, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, മുകേഷ് എംഎൽഎ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പായി ഇന്ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. അതിന് പിന്നാലെ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് ഉണ്ടാകും. കാസര്‍കോട് ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗോത്രവര്‍ഗ കലയായ മംഗലം കളി ഈ കലോത്സവത്തില്‍ അവതരിപ്പിക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രവര്‍ഗ കല കലോത്സവത്തിന്‍റെ ഭാഗമാകുന്നത്.
ജനുവരി എട്ടിനാണ് കലോത്സവത്തിന്‍റെ സമാപന സമ്മേളനം നടക്കുന്നത്. ധനകാര്യവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് സമാപന ദിവസം മുഖ്യാതിഥി.
പൂര്‍ണ സജ്ജമായി കൊല്ലം: പതിനാലായിരത്തോളം മത്സരാര്‍ഥികളും അവരുടെ എസ്‌കോര്‍ട്ടിങ് അധ്യാപകരും രക്ഷിതാക്കളുമടക്കം ഏതാണ്ട് ഇരുപതിനായിരത്തില്‍ അധികം പേര്‍ ജനുവരി നാലിനും എട്ടിനുമിടയില്‍ കൊല്ലം സന്ദര്‍ശിക്കും എന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു (62nd School Youth Fest).