സംസ്ഥാന സ്‌കൂള്‍ കലോത്സവ ഒരുക്കങ്ങളെക്കുറിച്ച് മന്ത്രി ശിവൻകുട്ടി കൊല്ലം:62-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കൊല്ലം പട്ടണം ഒരുങ്ങി കഴിഞ്ഞു. ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൈസര്‍ഗിക, കലാസാഹിത്യപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ഇത് നാലാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 2008ൽ ആണ് അവസാനമായി കൊല്ലം കലോത്സവത്തിന് ആതിഥ്യമരുളിയത്. 1957-ല്‍ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളര്‍ന്ന മേള 2018-ല്‍ പരിഷ്‌കരിച്ച മനുവലിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അടുത്ത തവണ മാനുവൽ വിശദമായി പരിഷ്‌കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1000/- രൂപ നല്‍കുന്നുണ്ട്.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി കര്‍ത്താക്കളുടെ നിര്‍ണയത്തിനെതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ജനുവരി 4ന് രാവിലെ 9ന് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് എസ് ഐഎഎസ് പതാക ഉയര്‍ത്തും. തുടർന്ന് രാവിലെ 10 മണിക്ക് പ്രധാന വേദിയിൽ ദൃശ്യവിസ്‌മയം അരങ്ങേറും. പ്രശസ്‌ത നടിയും നർത്തകിയുമായ ആശ ശരത്തും വിവിധ സ്‌കൂളുകളിലെ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്‍റെ നൃത്താവിഷ്‌കാരമാണ് അരങ്ങേറുക. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ് സ്വാഗതമോതും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, എൻ കെ പ്രേമചന്ദ്രൻ എംപി , കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, മുകേഷ് എംഎൽഎ, ചലച്ചിത്ര താരം നിഖില വിമൽ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി 8നാണ് കലോത്സവത്തിന്‍റെ സമാപനം.
ജനുവരി 8 തിങ്കളാഴ്‌ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം നടക്കും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ്, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, പി സി വിഷ്‌ണുനാഥ് എംഎൽഎ, എഡിപിഐ സന്തോഷ്, കൊല്ലം ഡിഡിഇ ലാൽ, മീഡിയ കമ്മറ്റി ചെയർമാൻ സനൽ ഡി പ്രേം, കൺവീനർ പോരുവഴി ബാലചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു