കൊല്ലം:ഡാൾഡയുടെ മറവിൽ അനധികൃതമായി കടത്തിക്കൊണ്ടു വന്ന 52 കുപ്പി പോണ്ടിച്ചേരി മദ്യം കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി. വാഹനത്തിന്‍റെ ഡ്രൈവർ തമിഴ്‌നാട് ട്രിച്ചി നെയ്‌വേലി സ്വദേശി സുധാകറിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ അനിലാലിൻ്റെ നേതൃത്വത്തിൽ ആണ് മദ്യം പിടികൂടിയത്. ഡാൽഡ കൊണ്ട് വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മദ്യം കണ്ടെത്തിയത്.
ഡാൽഡ കയറ്റി അയച്ച മാനേജർ ആണ് മദ്യം കൊടുത്തു വിട്ടതെന്നും സൂചനയുണ്ട്. കൊല്ലത്ത് എത്തിക്കുവാൻ ആയിരുന്നു ഡ്രൈവർക്ക് നിർദേശം ലഭിച്ചത്. കേരളത്തിൽ മദ്യത്തിന് വില കൂടുതൽ ആയതിനാൽ പോണ്ടിച്ചേരി മദ്യം കേരളത്തിൽ എത്തിച്ചു വിൽപന നടത്തുക ആയിരുന്നോ സംഘത്തിൻ്റെ ലക്ഷ്യമെന്നും സംശയിക്കുന്നു.