കൊല്ലം:അഞ്ചാലുംമൂട് തൃക്കടവൂര്‍ കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കുരീപ്പുഴ സ്വദേശി ആദര്‍ശ് (17) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് കുളിക്കാനായി ആദർശും സുഹൃത്തുക്കളും കുടി കായലിൽ എത്തുകയായിരുന്നു. തുടർന്ന് ഇവർ പ്ലൈവുഡും തടിയും ഉപയോഗിച്ചുള്ള വള്ളത്തിൽ കായലിലേക്ക് ഇറങ്ങി.
വള്ളം തുഴയുന്നതിനിടയ്ക്ക് തുഴ കൈവിട്ടുപോയി എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തുഴയെടുക്കാനായി കായലിൽ ഇറങ്ങിയ ആദർശ് മുങ്ങിമരിക്കുകയായിരുന്നു. നാൽവർ സംഘത്തിൽ നീന്തൽ വശമുണ്ടായിരുന്നതും ആദർശിന് മാത്രമാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
Also Read:'ജാനുവിന് പണം നൽകുന്നത് കൃഷ്ണദാസ് അറിയരുത്'; സുരേന്ദ്രനെതിരെ വീണ്ടും പ്രസീത
ഒപ്പമുണ്ടായിരുന്ന സുഹൃത്തുകള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ പൊലിസീലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നീരാവില്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആദർശ്. പ്ലസ് ടു പരീക്ഷയെഴുതി റിസള്‍ട്ട് കാത്തിരിക്കുകയായിരുന്നു. അച്ഛന്‍: മോഹന്‍ദാസ്, അമ്മ: സുനിത, സഹോദരങ്ങള്‍ അഭിലാഷ്, ആകാശ്.