കൊല്ലം:ജില്ലയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ മൺട്രോതുരുത്ത് കിടപ്രം മലയിൽകടവ് ബോട്ട്ജെട്ടിക്ക് സമീപത്തുള്ള കണ്ടൽക്കാടിലും ചതുപ്പിലുമായ് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോട പിടിച്ചെടുത്തു. വലിയ ബാരലുകളിലും കന്നാസുകളിലും ബക്കറ്റുകളിലും നിറച്ച് പൊന്തക്കാടുകളിൽ ഒളിപ്പിച്ച് വെച്ച നിലയിലാണ് കോട കണ്ടെടുത്തത്.
ലോക്ക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വ്യാജവാറ്റ് സംഘങ്ങൾ സ്ഥലത്ത് ചാരായം വാറ്റുന്നത് സജീവമാണെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.
ചതുപ്പും വെള്ളക്കെട്ടും മൂലം ഈ പ്രദേശങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയില്ല. രണ്ടും മൂന്നും കടത്തുകൾ കടന്നുവേണം ഇവിടെ എത്താൻ. അതുകൊണ്ട് തന്നെ ഈ പ്രദേശം വാറ്റുകാരുടെ സുരക്ഷിത കേന്ദ്രം ആയി മാറിയിരിക്കുകയാണ്.