മൊറോക്കോയ്‌ക്കുണ്ട് കാസര്‍കോട് ഒരു ഒറ്റയാള്‍ ആരാധകന്‍ കാസര്‍കോട്: ഖത്തറില്‍ ലോകകപ്പ് സെമിയിൽ വമ്പൻമാരായ ഫ്രാൻസിനെ താരതമ്യേന പുതുമുഖമായ മൊറോക്കോ നേരിടുമ്പോൾ വിജയം ആർക്കെന്ന പ്രവചനം അസാധ്യമാണ്. കാരണം പല വമ്പൻമാരെയും തളച്ചാണ് മൊറോക്കോയുടെ വരവ്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഒത്ത എതിരാളികളാണ് മൊറോക്കോ എന്ന് ഇപ്പോൾ പലരും പറയുന്നുണ്ട്. എന്നാല്‍ കുറച്ചുനാൾ മുമ്പുവരെ ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ.
അതറിയണമെങ്കില്‍ മൊറോക്കോയുടെ ഈ ആരാധകനെ കൂടി അറിയേണ്ടതുണ്ട്. വെറും ആരാധകൻ എന്ന് പറഞ്ഞാൽ പോരാ, മൊറോക്കോയുടെ ആരാധകനായതിന്‍റെ പേരിൽ പരിഹാസങ്ങളും മർദനങ്ങളും നേരിടേണ്ടി വന്ന കാസർകോട് ചന്തേര സ്വദേശി നിഖില്‍. ബ്രസീല്‍, അർജന്‍റീന, ഫ്രാൻസ് അടക്കമുള്ള മുൻനിര ടീമുകളുടെ ആരാധകർക്കിടയിലാണ് കഴിഞ്ഞ ലോകകപ്പ് മുതൽ നിഖില്‍ ഒറ്റയാൾ ആരാധകനായത്.
വമ്പൻ ഫുട്ബോൾ ടീമുകളുടെ പതാകകൾക്കൊപ്പം ചുവന്ന പതാകയിലെ പച്ച നക്ഷത്രം ചന്തേരയില്‍ പാറിക്കളിക്കുന്നുണ്ട്. ആ പാതകയ്ക്ക് താഴെ ചുവന്ന ജേഴ്‌സിയുമിട്ട് നിഖിലും. ഒരുപക്ഷെ കേരളത്തിലെ ഏറ്റവും വലിയ മൊറോക്കോ ആരാധകനാകും നിഖിൽ. ഈ ലോകകപ്പിൽ ജയിച്ചു കയറിയതു മുതൽ തുടങ്ങിയതല്ല നിഖിലിന്‍റെ ആരാധന. കഴിഞ്ഞ ലോകകപ്പിലും മോറോക്കൊ ആരാധകൻ തന്നെ ആയിരുന്നു.
നാട്ടിൽ കൂറ്റൻ ഫ്ലക്‌സ് വയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ മൊറോക്കോ പുറത്തായതോടെ ഫ്ലക്‌സ് തകർക്കുകയും കളിയാക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്‌തുവെന്നാണ് ഈ ആരാധകൻ പറയുന്നത്. ഈ ലോകകപ്പിലും മൊറോക്കോയെ നെഞ്ചോട് ചേര്‍ത്തു.
ചന്തേര സ്‌കൂളിന് സമീപം ഇത്തവണയും മൊറോക്കോയുടെ ഫ്ലക്‌സ് ഉയർത്തി. നിഖിലിന്‍റെ ബൈക്കിലടക്കം മൊറോക്കോയോടുള്ള ആരാധന കാണാം. മൊറൊക്കോയുടെ ജേഴ്‌സിക്കായി തപ്പി നടക്കാത്ത സ്ഥലമില്ലെന്ന് മാണിയാട്ട് സഹകരണ ബാങ്കിൽ നൈറ്റ് വാച്ച് മാനായി ജോലി ചെയ്യുന്ന നിഖില്‍ പറയുന്നു. ഫ്രാൻസിനെ തോല്‍പ്പിച്ച് ഫൈനലില്‍ അർജന്‍റീനയെ നേരിടുന്ന മൊറോക്കോയാണ് ഇപ്പോൾ നിഖിലിന്‍റെ സ്വപ്‌നം.