കാസർകോട് : വന്യജീവി ആക്രമണം രൂക്ഷമായതോടെ വനം വകുപ്പിനെതിരെ സിപിഎം രംഗത്ത്. വർഷങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. തുടര്‍ന്ന് സത്യാഗ്രഹ സമരവും നടന്നു. കാട്ടാനകളെ തുരത്തുക, വന്യ ജീവികൾ കൃഷി നാശം വരുത്തുന്നത് തടയാൻ നടപടി സ്വീകരിക്കുക, നഷ്‌ടപരിഹാരത്തുക വർധിപ്പിച്ച് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
വന്യമൃഗശല്യം രൂക്ഷം, ഭീതി ഒഴിയാതെ കാറഡുക്ക നിവാസികൾ ; വനം വകുപ്പിനെതിരെ സിപിഎം
പ്രദേശത്ത് നിരവധി വന്യമൃഗങ്ങൾ നാട്ടിലേയ്‌ക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ടാണ് സിപിഎം സമരം
മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് പുറമെയാണ് ഇപ്പോൾ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലേക്കെത്തുന്നത്. കാട്ടുപോത്ത്, പന്നി എന്നിവയാണ് പ്രധാനമായും ഇവിടെ എത്തുന്നത്. വാഴ, കിഴങ്ങ് വർഗങ്ങൾ തുടങ്ങിയവ മൃഗങ്ങൾ നശിപ്പിക്കുന്നത് കൂടിയതായി നാട്ടുകാർ പറയുന്നു.
ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ വനാതിർത്തികളിലാണ് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടുള്ളത്. വേനൽക്കാലം എത്തുന്നതോടെ കൂടുതൽ മൃഗങ്ങൾ കാടിറങ്ങും.കാടിനുള്ളിൽ മൃഗങ്ങൾക്ക് വെള്ളവും തീറ്റയും ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കളുടെ ശല്യവും മേഖലയില്‍ വർധിച്ചിട്ടുണ്ട്.