കാസർകോട് : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാസര്‍കോട് ജില്ലയില്‍ കോടികളുടെ കൃഷി നാശം. ഓണ വിപണി മുന്നില്‍ കണ്ടിറക്കിയ നേന്ത്രവാഴക്കന്നുകള്‍ ഒന്നൊഴിയാതെ ചീഞ്ഞുപോയി. നെല്ലും, കമുകും ഉള്‍പ്പടെയുള്ള ഹെക്ടർ കണക്കിന് ഭൂമിയിലെ കൃഷി പൂര്‍ണ്ണമായി നശിച്ചു.
ഇതുവരെ 12.16കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. 4114 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. 223.08 ഹെക്ടറിലെ നെല്‍കൃഷിയും 38 ഹെക്ടറിലെ പച്ചക്കറി കൃഷിയും പൂര്‍ണ്ണമായും നശിച്ചു.
കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപക കൃഷി നാശം - കനത്ത മഴ
തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം മഹാളി അടക്കമുള്ള രോഗങ്ങള്‍ കമുകിനെ ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഴ കര്‍ഷകര്‍ ഉള്ള മടിക്കൈ പഞ്ചായത്തിലാണ് ഏറെ നാശ നഷ്ടം ഉണ്ടായത്. കുലച്ചു നിന്ന വാഴകള്‍ മിക്കതും വെള്ളക്കെട്ടില്‍ കിടന്ന് നശിച്ചു. മൂപ്പെത്താത്ത കുലകള്‍ വരെ കിട്ടിയ വിലക്ക് വില്‍പ്പന നടത്തേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മലയോരമേഖലകളില്‍ ശക്തമായി വീശിയടിച്ച കാറ്റില്‍ റബര്‍ മരങ്ങള്‍ നിലം പൊത്തി. ഇതോടെ ബാങ്ക് വായ്പയും സ്വര്‍ണ്ണം പണയപ്പെടുത്തിയും കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലായത്. തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം മഹാളി അടക്കമുള്ള രോഗങ്ങള്‍ കമുകിനെ ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക വിളകളുടെ നഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ച്ചയക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.