കാസര്‍കോട്: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തിരിച്ചടികളില്‍ ഭൂരിഭാഗവും ഏറ്റുവാങ്ങുന്നത് ആഴക്കടലിലെ ജൈവ വൈവിധ്യമാണ്. ഇതിന്‍റെ പ്രത്യക്ഷ മുഖമാണ് അടുത്തിടെ നമ്മുടെ തീരങ്ങളില്‍ വന്നടിയുന്ന ജീവനുള്ളതും ഇല്ലാത്തതുമായ കടലാമകള്‍. പലപ്പോഴും മനുഷ്യര്‍ അശ്രദ്ധമായി വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ അകപ്പെട്ട് ഗുരുതര പരിക്കുപറ്റുന്ന ഇവക്ക് തുണയാവുക കാരുണ്യം നിറഞ്ഞ മനസുകളാണ്.
കടലാമകള്‍ക്ക് കടലിന്‍റെ മക്കള്‍ തുണയായി
കാസർകോട്ടെ വിവിധ തീരങ്ങളിൽ കരക്കടിഞ്ഞ ഒലിവ് റെഡ്‌ലി വിഭാഗത്തിൽപ്പെടുന്ന പന്ത്രണ്ടോളം അംഗഭംഗം സംഭവിച്ച ആമകളെ നീലേശ്വരം തൈക്കടപ്പുറത്തെ നെയ്‌തൽ സംരക്ഷണ കടലാമ കേന്ദ്രത്തിലേക്ക് മാറ്റി
ഇത്തരത്തില്‍ കടലില്‍ അലക്ഷ്യമായിട്ട വലയില്‍ കുടുങ്ങി മൃതപ്രായരായ കടലാമകളെ രക്ഷിച്ച കഥയാണ് കാസര്‍കോട്ടെ അജാനൂര്‍ കടപ്പുറത്തിന് പറയാനുള്ളത്. ഒലീവ് റെഡ്‌ലി വിഭാഗത്തില്‍പെട്ട വംശനാശ ഭീഷണി നേരിടുന്ന ആമകളെ മത്സ്യബന്ധന തൊഴിലാളികളാണ് രക്ഷിച്ചത്. വീശുവലയെറിയാന്‍ പോയ പ്രദേശത്തെ നാട്ടുകാരാണ് ഈ ജീവനുകൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. ചിത്താരി അഴിമുഖത്തിന് സമീപം വലയില്‍ കുരുങ്ങി അംഗഭംഗം സംഭവിച്ച നിലയിലായിരുന്നു ആമകൾ.
ഇവയെ നീലേശ്വരം തൈക്കടപ്പുറത്തെ നെയ്‌തൽ സംരക്ഷണ കടലാമ കേന്ദ്രത്തിലേക്ക് മാറ്റി. ഒലിവ് റെഡ്‌ലി വിഭാഗത്തിൽപ്പെടുന്ന പന്ത്രണ്ടോളം ആമകളാണ് കാസർകോട്ടെ വിവിധ തീരങ്ങളിൽ കരക്കടിഞ്ഞത്. ഈ ആമകളെ ഇനി കടലിലേക്ക് തിരിച്ചുവിടാൻ സാധിക്കില്ല. നെയ്തൽ പ്രവർത്തകർ ഒരുക്കിയ താൽക്കാലിക ടാങ്കുകളാകും ഇനി ഇവയുടെ ലോകം. കടലോരത്തെ കണ്ണില്ലാത്ത ക്രൂരതകള്‍ക്ക് അവസാനമാകണമെങ്കില്‍ മനുഷ്യന്‍റെ ജാഗ്രത മാത്രം മതി.