കാസര്‍കോട്: വയനാട് മുട്ടിലിലെ മാതൃകയില്‍ കാസര്‍കോട്ടും മരംമുറി. എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത വനംവകുപ്പ് ഇതുവരെ 27 ക്യൂബിക് മീറ്റര്‍ തടി പിടികൂടി. ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ച് കടത്തിയോ എന്നറിയാന്‍ വനംവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
Read more: വയനാട് മുട്ടില്‍ മരം മുറി : അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിന്‍റെ മറവിലാണ് കാസര്‍കോട്ടും മരംമുറി നടന്നത്. അതിര്‍ത്തി പഞ്ചായത്തുകളില്‍ നിന്നും മലയോര മേഖലകളില്‍ നിന്നും വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചു. നെട്ടണിഗെ, പെര്‍ള എന്നിവിടങ്ങളില്‍ നിന്നാണ് വനംവകുപ്പ് മരംമുറി പിടികൂടിയത്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിലെ പിഴവും ഗൗരവവും മനസിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാനുള്ള അനുമതികള്‍ പലതും മടക്കി. എന്നാല്‍ ഇതിലും പിന്‍വാങ്ങാതിരുന്ന ചില സംഘങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ മരംമുറിച്ച് കടത്തിയതായാണ് സൂചന.
Also read: മുട്ടില്‍ മരംമുറി കേസ്: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്
ഇതേ തുടര്‍ന്നാണ് വനംവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയത്. ഇതുവരെ കാസര്‍കോട് റേഞ്ചിന് കീഴില്‍ ആറ് കേസുകളും കാഞ്ഞങ്ങാട് റേഞ്ചിന് കീഴില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്‌തു.
17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ തടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഈ തടികള്‍ കാസര്‍കോട് പരപ്പയിലുള്ള സര്‍ക്കാര്‍ ഡിപ്പോയിലേക്ക് മാറ്റി.