കാസര്‍കോട്:കാസര്‍കോട്ടെ വോട്ടുചോര്‍ച്ചയില്‍ തല പുകച്ച് ബിജെപി.പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള കാസര്‍കോട് മണ്ഡലത്തിലാണ് വലിയ വോട്ടുചോര്‍ച്ചയുണ്ടായത്. 2016ല്‍ ലഭിച്ചതിനേക്കാള്‍ 6238 വോട്ടിൻ്റെ കുറവുണ്ടായപ്പോള്‍ ബിജെപി കേന്ദ്രങ്ങളിലടക്കം എല്‍ഡിഎഫിന് വോട്ട് വർധനവുണ്ടായി. ബിജെപി വിജയ പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെന്നാണ് സൂചന. രൂപീകരണം മുതല്‍ ബിജെപി മാത്രം ഭരിച്ച പഞ്ചായത്താണ് മധൂരെങ്കിലും ഇവിടെ ബിജെപിക്ക് 954 വോട്ടിൻ്റെ കുറവുണ്ടായി. അതായത് സാധാരണ ഗതിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മധൂരില്‍ ബിജെപിക്ക് ലഭിക്കുന്ന ഭൂരിപക്ഷം പകുതിയായി കുറഞ്ഞു.
കാസര്‍കോട്ടെ വോട്ടുചോര്‍ച്ചയില്‍ തല പുകച്ച് ബിജെപി ; ശക്തി കേന്ദ്രങ്ങളിലും പിടിച്ചുനിൽക്കാനായില്ല
കാസര്‍കോട് മണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു.
കാസര്‍കോട് മണ്ഡലത്തിലുള്ള 7 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിന് വോട്ട് വർധനയുണ്ടായി. ബിജെപി സ്വാധീന മേഖലയായ മധൂര്‍ പഞ്ചായത്തിലും യുഡിഎഫ് ശക്തികേന്ദ്രമായ ചെങ്കളയിലും 1500 ല്‍ പരം വോട്ടിൻ്റെ വർധനവാണ് എല്‍ഡിഎഫിനുണ്ടായത്. മണ്ഡലത്തിലാകെ ഏഴായിരത്തിനടുത്ത് വോട്ടുകള്‍ ഇടതുമുന്നണി അധികമായി നേടി.
പോളിങില്‍ 5 ശതമാനത്തിൻ്റെ കുറവുണ്ടായിട്ടും എല്‍ഡിഎഫ് 2016 നേക്കാള്‍ വോട്ടുകള്‍ കൂടുതല്‍ നേടി. എന്നാല്‍ ബിജെപിക്ക് 6238 വോട്ടിൻ്റെയും യുഡിഎഫിന് 1831 വോട്ടിൻ്റെയും കുറവാണുണ്ടായത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കമാണ് ബിജെപിയിലെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് സൂചന. ഇത് വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകാനിടയാക്കും.