കാസർകോട് :കാസര്‍കോടന്‍ കുള്ളന്‍ മുതല്‍ ഗുജറാത്തിലെ ഗീര്‍ വരെ. ആന്ധ്രപ്രദേശിലെ ഓങ്കോല്‍, തമിഴ്‌നാട്ടിലെ കങ്കയം തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 160ലധികം പശുക്കൾ. അതുകൂടാതെ വിദേശികളും. 12 പശുക്കളുമായി ആരംഭിച്ചതാണ് ഈ ഗോകുലം ഗോശാല. കാസർകോട്ടെ പെരിയ ആലക്കോട് വിഷ്‌ണു നാരായണാലയത്തിലെ ജ്യോതിഷ പണ്ഡിതന്‍ വിഷ്‌ണു ഹെബ്ബാറിന്‍റെ കുടുംബത്തിന് പശുക്കളോടുള്ള സ്‌നേഹമാണ് ഇതിനാധാരം.
കാസര്‍കോടന്‍ കുള്ളന്‍ മുതല്‍ ഗുജറാത്തിലെ ഗീര്‍ വരെ, വിദേശികളുള്‍പ്പടെ 160ലേറെ ; സംഗീതമടക്കം സൗകര്യങ്ങളോടെ വിഷ്‌ണുവിന്‍റെ 'ഗോകുലം' - ഗോകുലം
ജീവിതം തന്നെ പശു പരിപാലനത്തിനായി മാറ്റിവച്ച് ജ്യോതിഷ പണ്ഡിതന്‍ വിഷ്‌ണു ഹെബ്ബാറും കുടുംബവും, ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 160 ലധികം പശുക്കളുള്ള ഗോകുലത്തിന്‍റെ വിശേഷങ്ങള്‍ ഇങ്ങനെ
പശുവളര്‍ത്തലിലും സംരക്ഷണത്തിലും തനതായ ശൈലി.പരിചരണം വിഷ്‌ണു ഹെബ്ബാറിന്‍റെ ഭാര്യ ഡോ.നാഗരത്‌ന എസ് ഹെഗ്‌ഡെയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍. ഒപ്പം ജീവനക്കാരുമുണ്ട്. തീറ്റപ്പുല്‍ കൃഷിയും ഇതിനൊപ്പമുണ്ട്. വിശാലമായ ഗോശാലയില്‍ സദാസമയം സംഗീതവും. ശ്രീകൃഷ്‌ണ ജയന്തി, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഗോശാല വേദിയാക്കി സംഗീതോത്സവം. തികച്ചും വ്യത്യസ്തമാണ് ഈ ഗോശാല.
പാല്‍, ഗോമൂത്രം, ചാണകം, നെയ്യ്, തൈര് എന്നിവയില്‍ നിന്ന് ഔഷധങ്ങൾ. നെയ്യ്, പഞ്ചഗവ്യം, തൈലം, സോപ്പ്, ഷാംപൂ, കുങ്കുമം, കര്‍പ്പൂരം, വിഭൂതി, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, ചൂര്‍ണം എന്നിവയും ഇവിടെ നിര്‍മിക്കുന്നുണ്ട്. പക്ഷേ ഇവിടെ നിന്ന് പശുക്കളെ വിൽക്കില്ല. എന്നാല്‍ അറവുശാലയിൽ എത്തിച്ച പശുക്കളെ വാങ്ങി വളർത്തുന്നുമുണ്ട്. എല്ലാറ്റിനുമുപരി ഗോ സംരക്ഷണമാണ് ഈ കുടുംബത്തിന്‍റെ ലക്ഷ്യം. ഈ ഗോശാല കാണാനും പഠിക്കാനുമായി നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്.