കാസർകോട്:വാഴയും കവുങ്ങും കൊണ്ടുള്ള പഴഞ്ചൻ ചങ്ങാടങ്ങൾക്ക് വിട. കാസർകോട് എത്തിയാൽ ന്യൂ ജനറേഷൻ ചങ്ങാടം കാണാം. പുരവഞ്ചിയെ വെല്ലുന്ന ചങ്ങാടം ഉണ്ടാക്കി ശ്രദ്ധനേടുകയാണ് ഇരട്ട സഹോദരങ്ങൾ.
മല്ലം മുണ്ടപ്പള്ളം സ്വദേശികളും പ്ലസ് വൺ വിദ്യാർഥികളുമായ ആദർശും, ആകാശുമാണ് ഒരേസമയം പത്തുപേർക്കുവരെ സഞ്ചാരിക്കാവുന്ന മുളകൊണ്ടുള്ള ചങ്ങാടം ഒരുക്കിയത്. മധുവാഹിനിപ്പുഴയിലെ ഈ ചങ്ങാടം ആരെയും ആകർഷിക്കുന്നതാണ്. അഞ്ചുമീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള ചങ്ങാടത്തിന്‍റെ നിർമാണം സ്‌കൂൾ അവധി ദിവസങ്ങളിലാണ് ഇവർ പൂർത്തീകരിച്ചത്.
ഒരു മാസം കൊണ്ടാണ് പണി പൂർത്തീകരിച്ചത്. വെട്ടിയെടുത്ത മുള, നട്ടും ബോൾട്ടുമുപയോഗിച്ചാണ് ഘടിപ്പിച്ചു. അതിനുതാഴെ 20 ലിറ്റർ വെള്ളം ഉൾകൊള്ളുന്ന 20 പ്ലാസ്‌റ്റിക് ബോട്ടിലുകളും വലിയ പ്ലാസ്‌റ്റിക് കന്നാസുകളും കെട്ടിവച്ചു. മുള ഈർന്നാണ് മാടും ചുമരും നിർമിച്ചത്.