കാസർകോട്:ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. കല്ലിയോട്ട് ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രം സിബിഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം
ബാരിക്കേഡ് മറികടന്ന ജില്ലാ പ്രസിഡന്‍റ് ബി.പി പ്രദീപ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് എന്നിവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇതോടെ പ്രകടനത്തിന് പിന്നിലുണ്ടായിരുന്ന പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തതിനുശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ ബാരിക്കേഡ് മറികടന്ന ജില്ലാ പ്രസിഡന്‍റ് ബി.പി പ്രദീപ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് എന്നിവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇതോടെ പ്രകടനത്തിന് പിന്നിലുണ്ടായിരുന്ന പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു.
കല്ലേറിൽ ഡിവൈഎസ്പി പി ബാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ സജി തുടങ്ങിയവർക്ക് പരിക്കേറ്റു. കല്ലേറ് തുടർന്നതോടെ പൊലീസ് രണ്ടുതവണ കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടയിൽ പൊലീസ് പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി. ഏറെനേരം പൊലീസുമായി വാഗ്വാദം നടത്തിയശേഷമാണ് നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയത്.