തല ചായ്‌ക്കാനൊരു കൂരയ്‌ക്കായി ഇനിയുമെത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിൽ ഒരു കുടുംബം കാസർകോട്: തെങ്ങ് ചതിക്കില്ലെന്ന് പഴമൊഴിയായി പറയാറുണ്ടെങ്കിലും കാസർകോട് പടന്ന ഓരിയിലെ വിൽസൺ രമണി ദമ്പതികളുടെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. തെങ്ങും ചതിച്ചു, പഞ്ചായത്തും ചതിച്ചു. ഇതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് മൂന്നംഗ കുടുംബം.
ഒരു വീടെന്ന സ്വപ്‌നവുമായി ഇവർ അധികൃതരുടെ മുന്നിൽ അപേക്ഷയുമായി കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നിട്ടും ഫലമൊന്നും കണ്ടില്ല.
രണ്ടുവർഷം മുമ്പാണ് വിൽസണും രമണിക്കും കിടപ്പാടം നഷ്‌ട്ടമായത്. മഴയിൽ തെങ്ങ് വീണ് വീടിന്‍റെ മേൽക്കൂര തകർന്നതോടെയാണ് ഇവർക്ക് വീടില്ലാതായത്. വീട് പുതുക്കിപ്പണിയാൻ പണമില്ലാതായതോടെ തകർന്ന വീട്ടിൽ തന്നെ ഏറെ നാൾ കഴിയേണ്ടിവന്നു.
നട്ടെല്ല് തകർന്ന് ചികിത്സയിലാണ് രമണി. വിൽസണും രോഗബാധിതനാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് മറ്റൊരു വീടിലേക്ക് മാറാണമെന്നുണ്ട്,എന്നാല്‍ വാടക താങ്ങാനാകില്ല. സാമ്പത്തികമായി സഹായിക്കാൻ ഇവർക്ക് മറ്റാരുമില്ല.
എന്നാൽ ഒട്ടും സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന്‍റെ ദയനീയ അവസ്ഥ കണ്ട്, നാട്ടുകാർ ഇടപെട്ട് ഇവരെ വാടക വീട്ടിലേക്ക് മാറ്റി. വാടക തങ്ങൾ കൊടുത്തോളാമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ തുടക്കത്തിൽ അതുണ്ടായെങ്കിലും പിന്നീട് അത് നിലച്ചു. ഇതോടെ വിൽസണിന്‍റെ കുടുംബം കഷ്ട്ടത്തിലായി.
സംഭവം അറിഞ്ഞ ജനമൈത്രി പൊലീസ് വീട് നിർമ്മിച്ചു നൽകാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതോടെ ജനമൈത്രി പൊലീസും വീട് നിർമ്മിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ഇതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി.
കക്ക വാങ്ങി വിൽപ്പന നടത്തിയാണ് വിൽസണ്‍ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഭാര്യ രമണിയുടെ ചികിത്സയ്ക്ക് തന്നെ മാസം വലിയ ഒരു തുക ആവശ്യമാണ്. ഇത് വിൽസണിന് താങ്ങില്ല. ജീവകാരുണ്യ പ്രവർത്തകരാണ് നിലവിൽ ഇവർക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നത്.
പ്ലസ് ടു പൂർത്തിയാക്കിയ മകൾക്ക് പണമില്ലാത്തതിനാൽ തുടർപഠനം അവസാനിപ്പിക്കേണ്ടി വന്നു. എല്ലാ പ്രശ്‌നങ്ങൾക്കും ചെറിയ തോതിലെങ്കിലും പരിഹാരം കാണണമെങ്കിൽ ഇവർക്ക് സ്വന്തമായൊരു വീട് വേണം. ഇനിയും എത്രനാൾ തങ്ങൾ തല ചായ്‌ക്കാനൊരു കൂരയ്‌ക്കായി കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഈ കുടുംബം.