കാസർകോട്:ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ ഉൾപെടെയുള്ളവ ഓൺലൈൻ വഴിയാക്കിയിട്ടും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥരുടെ കീശയിലെത്തുന്നത് ലക്ഷങ്ങൾ. കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പണം പിരിക്കാൻ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന മാഫിയ തന്നെ പ്രവർത്തിക്കുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഡയറക്ടർക്ക് വിജിലൻസ് കൈമാറിയിട്ടുണ്ട്.
പരസ്യമായാണ് ഏജന്റുമാർ പണം പിരിക്കുന്നതെങ്കിലും ടെസ്റ്റിൽ പരാജയപ്പെടുത്തിയേക്കാം എന്ന് ഭയന്ന് ആരും പുറത്ത് പറയാറില്ല. ഇതുസംബന്ധിച്ച് പരാതി ഇല്ലാത്തതാണ് വിജിലൻസിനെ കുഴയ്ക്കുന്നത്. ഇരുചക്ര വാഹനത്തിന് 1000 രൂപയും മറ്റു വാഹനങ്ങൾക്ക് 2000 മുതൽ 3000 വരെയുമാണ് ഏജന്റുമാർ പിരിച്ചെടുക്കുന്നത്. പണം നൽകാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ അവരുടെ പഠിതാക്കളെ ടെസ്റ്റിൽ പരാജയപ്പെടുത്തുന്നതായും ആരോപണമുണ്ട്.