കാസർകോട്:കരിന്തളം കോളജിൽ വ്യാജ രേഖ സമർപ്പിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. മാധ്യമങ്ങളെ തൃപ്‌തിപ്പെടുത്താനാണ് പൊലീസ് ജാമ്യം നൽകരുതെന്ന് വാദിച്ചതെന്നും മാധ്യമ വിചാരണയ്ക്ക് വിട്ടുനൽകരുതെന്നും വിദ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ജാമ്യം ഉപാധികളോടെ :ഉപാധികളോടെയാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ആഴ്‌ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
കേസിൽ കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് നീലേശ്വരം പൊലീസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. 12 മണിയോടെയാണ് കേസ് കോടതി പരിഗണിച്ചത്. വിദ്യക്ക് വേണ്ടി സെബിൻ സെബാസ്റ്റ്യനാണ് കോടതിയിൽ ഹാജരായത്.
വ്യാജ രേഖ കേസിൽ വിദ്യയെ നേരത്തെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ദിവ്യയ്ക്ക് 30ന് ഹാജരാകണം എന്ന വ്യവസ്ഥയിൽ ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇത് പ്രകാരം വിദ്യ ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.
എന്നാൽ കേസ് പരിഗണിക്കുന്നത് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റി. പൊലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. വ്യാജരേഖ നിർമിക്കൽ ( IPC 468) , വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന ( IPC 420 ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ : കേസിൽ ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങങ്ങളാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും റിപ്പോർട്ടിലുണ്ട്.
കരിന്തളം ഗവൺമെന്‍റ് കോളജിൽ ജോലിക്കായി കെ വിദ്യ വ്യാജ രേഖയുണ്ടാക്കിയത് സുഹൃത്തിനെ മറികടക്കാനെന്ന മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. കരിന്തളം കോളജിൽ നിയമനത്തിന് അർഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശി കെ രസിതയ്ക്കായിരുന്നു. കരിന്തളത്ത് രസിത അഭിമുഖത്തിനെത്തുമെന്ന് അറിഞ്ഞതിനാലാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്ന് നീലേശ്വരം പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
രസിതയും വിദ്യയും മൂന്ന് വർഷമായി സുഹൃത്തുക്കളാണ്. കാലടി സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്നു രസിത. എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് കരിന്തളം ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആൻഡ് സയൻസ് കോളജിൽ ജോലി നേടിയ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ ചൊവ്വാഴ്‌ചയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഒരു വർഷക്കാലം വിദ്യ ഈ കോളജിൽ അധ്യാപികയായി ജോലി ചെയ്‌തിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള നടപടിയും ഉണ്ടായേക്കും. നേരത്തെ മറ്റൊരു കേസിൽ അഗളി പൊലീസും വിദ്യയെ അറസ്റ്റ് ചെയ്‌തിരുന്നു. തുടന്ന് മണ്ണാർക്കാട് കോടതി വിദ്യക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.