കാസർകോട് : ഇടുക്കി പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വഞ്ചിവയൽ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് കാസർകോടേക്കുള്ള ഷിനുവിന്‍റെ യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എത്രത്തോളം പഠിക്കാൻ പറ്റുമോ, അത്രയും പഠിക്കണമെന്ന മാതാപിതാക്കളുടെ ഉപദേശവും കഠിനാധ്വാനവും ഷിനുവിനെ എത്തിച്ചത് തഹസിൽദാരുടെ കസേരയിലാണ് (In the Position of Tehsildar without losing to the outcasts).
പത്താം ക്ലാസിൽ സ്‌കൂളിന്‍റെ നൂറുമേനി വിജയത്തിന് വിലങ്ങുതടിയാവുമെന്ന മുൻവിധിയോടെ സ്‌കൂളിൽ നിന്ന് പറഞ്ഞയച്ച ആദിവാസി വിദ്യാർഥിയായിരുന്നു ഷിനു (V Shinu Tahsildar Kasaragod). ഇംഗ്ലീഷ് അറിയില്ലെന്ന കാരണം പറഞ്ഞാണ് അന്ന് ഷിനുവിനെ ഒഴിവാക്കിയത്. ആ സംഭവം ഇന്നും ഷിബുവിന്‍റെ മനസിൽ മായാതെ കിടപ്പുണ്ട്. സ്‌കൂളിൽ നിന്നും പുറത്താക്കിയതിനെക്കാൾ മാതാപിതാക്കളുടെ വിഷമവും അവർക്കുണ്ടായ നാണക്കേടും ഏറെ വേദനിപ്പിച്ചതെന്നു ഷിനു പറയുന്നു.
അവിടെ നിന്നും ഇങ്ങോട്ട്, തന്നെ അവഗണിച്ചവർക്ക് മുന്നിൽ മത്സരിച്ചു പഠിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നും പുറത്താക്കിയെങ്കിലും പഠനം ഉപേക്ഷിക്കാതെ ഷിനു വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂളിൽ ചേർന്നു. 2004-ൽ എസ്എസ്എൽസി ഫസ്റ്റ് ക്ലാസോടെ ജയിച്ചു. മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിലായിരുന്നു പഠനം. അക്കാലത്ത് വൈദ്യുതി ആ പ്രദേശത്ത് എത്തിയിട്ടില്ലായിരുന്നു. കാട്ടു വഴികളിലൂടെയായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. ഏതു സമയവും വന്യമൃഗങ്ങൾ ചാടി വീഴും എന്ന ഭീതി മനസിൽ ഉണ്ടാകും. വന്യ മൃഗങ്ങളെ പേടിച്ച് ചില സമയങ്ങളിൽ സ്‌കൂളിൽ പോകാനും സാധിക്കില്ല.