കാസർകോട്: കാസർകോട്ടെ ഇടത് കോട്ട തകർത്തെറിഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ. 40,438 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കാസർകോട് ഉണ്ണിത്താന്‍റെ ചരിത്ര വിജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ആധിപത്യം നേടിക്കൊണ്ടാണ് കാസർകോട്ട് രാജ് മോഹൻ ഉണ്ണിത്താൻ വിജയക്കൊടി പാറിച്ചത്. ഉണ്ണിത്താൻ ജയിച്ചു കയറുമ്പോൾ ഇടതുമുന്നണിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു. ഇടത് കേന്ദ്രങ്ങളായ കല്യാശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച മേൽക്കൈ നേടാൻ ഇടത് സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രനായില്ല. ഇവിടങ്ങളിലെ എൽഡിഎഫ് ഭൂരിപക്ഷം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ കൊണ്ട് മാത്രം ഉണ്ണിത്താൻ മറികടന്നു. ഇരട്ട കൊലപാതകം നടന്ന കല്യോട്ട് ഉൾക്കൊള്ളുന്ന ഉദുമ നിയമസഭാമണ്ഡലത്തിലും മുന്നേറിയതോടെയാണ് യുഡിഎഫ് വിജയം ഉറപ്പിച്ചത്.
കാസർകോട് ഇടത് കോട്ട തകർത്ത് രാജ്മോഹൻ ഉണ്ണിത്താൻ - kp satheesh chandran
ഇരട്ട കൊലപാതകം നടന്ന കല്യോട്ട് ഉൾക്കൊള്ളുന്ന ഉദുമ നിയമസഭാമണ്ഡലത്തിലും മുന്നേറിയതോടെയാണ് യുഡിഎഫ് വിജയം ഉറപ്പിച്ചത്.
വിജയത്തോടെ കാസർകോട്ടെ മൂന്നരപ്പതിറ്റാണ്ടിന്‍റെ ഇടത് ആധിപത്യത്തിനും ഉണ്ണിത്താൻ വിരാമമിട്ടു. കല്യോട്ടെ ഇരട്ട കൊലപാതകം തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി. പിണറായി വിജയൻ 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ പോയി മാപ്പിരക്കണമെന്ന് അട്ടിമറി വിജയം നേടിയ ശേഷം രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പരാജയം അംഗീകരിക്കുന്നുവെന്നും പോരായ്മകൾ പരിശോധിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രൻ പ്രതികരിച്ചു. ഇടത് കോട്ടകളിലടക്കം വിള്ളൽ വീഴ്ത്താനായതും ലീഗുൾപ്പെടെയുള്ള ഘടകകക്ഷികളുടെ പ്രവർത്തനവുമാണ് ഉണ്ണിത്താന്‍റെ വിജയത്തിൽ നിർണായകമായത്.