തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാല കാസർകോട്: മത്സ്യത്തൊഴിലാളികൾ, തീരദേശ നിവാസികൾ മറ്റ് സ്റ്റോക്ക് ഹോൾഡേഴ്‌സ് എന്നിവരുമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സംവദിക്കുന്ന തീരദേശ സന്ദർശന പരിപാടി 'സാഗർ പരിക്രമ യാത്ര' കേരളത്തിലെത്തി. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല, സഹ മന്ത്രി ഡോ.എൽ മുരുകൻ എന്നിവര്‍ കാസര്‍കോടെത്തി തൊഴിലാളികളുമായി സംവദിച്ചു. 8000 ത്തിലധികം കിലോമീറ്റര്‍ കടല്‍ യാത്ര ചെയ്‌ത് ഇതാദ്യമായാണ് ഒരു കേന്ദ്ര മന്ത്രി തീരമേഖലയുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കാനെത്തുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം മത്സ്യ മേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല കാസർകോട് പറഞ്ഞു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യ മേഖലയിലെ വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുമായി ചേര്‍ന്ന് മഹാബലി പുരത്ത് രണ്ട് ദിവസത്തെ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായി ആധുനിക സൗകര്യങ്ങളെല്ലാം ചേര്‍ന്ന അഞ്ച് തുറമുഖങ്ങള്‍ അനുവദിച്ചതില്‍ ഒന്ന് കേരളത്തിലെ കൊച്ചിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും 4000 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമെ ഇന്ത്യയുടെ തീര മേഖലകളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനാകൂവെന്നും മത്സ്യ കയറ്റുമതിയുടെ കാര്യത്തില്‍ മുന്നിലെത്താന്‍ നമ്മെ സഹായിക്കുന്നത് കടലിന്‍റെ മക്കളാണെന്നും അവരുടെ ക്ഷേമം പ്രധാനമാണെന്നും എല്‍.മുരുകന്‍ പറഞ്ഞു.
ജില്ലയിലെ മടക്കരയിൽ ആരംഭിച്ച സാഗർ പരിക്രമ യാത്ര പള്ളിക്കര, ബേക്കൽ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലെത്തി. മാഹി (പുതുച്ചേരി), ബേപ്പൂർ, ചാലിയം, കോഴിക്കോട്, മട്ടാഞ്ചേരി തുടങ്ങിയ തീരപ്രദേശങ്ങളിലേക്കും സാഗര്‍ പരിക്രമ യാത്ര തിരിക്കും. നാട്ടിക, എറണാകുളം, കവരത്തി, ബംഗാരം, അഗത്തി ദ്വീപ് എന്നിവിടങ്ങളിലൂടെയും സാഗർ പരിക്രമ യാത്ര കടന്ന് പോകും. മൂന്നു ദിവസങ്ങളിലായാണ് കേരളത്തിലെ മത്സ്യ ബന്ധന മേഖലകള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക.
തീരദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍:സാഗര്‍ പരിക്രമ യാത്രയ്ക്ക് മുന്‍പേ ഫിഷറീസ് വകുപ്പ് 47 മണ്ഡലങ്ങളില്‍ തീര സദസ് നടത്തി തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും മത്സ്യ തൊഴിലാളികളും സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരങ്ങള്‍ കണ്ട് വരികയാണെന്ന് ഫിഷറീസ് സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഫിഷറീസ് മേഖലയുടെ ശക്തിപ്പെടലിന് സംസ്ഥാന സര്‍ക്കാറിനൊപ്പം കേന്ദ്ര സര്‍ക്കാരും നില്‍ക്കേണ്ടതുണ്ടെന്നും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഈ മേഖലയെ ഏറെ മുന്നിലേക്കെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബറിന്‍റെ വികസനത്തിന് തയ്യാറാക്കിയ 40 കോടി രൂപയുടെ പദ്ധതി രൂപരേഖ, നീലേശ്വരം മത്സ്യബന്ധന കേന്ദ്രത്തിന്‍റേത് ഉള്‍പ്പെടെ നാല് മത്സ്യ ബന്ധന കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള 22.75 ലക്ഷം രൂപയുടെ പദ്ധതി രേഖ എന്നിവ മന്ത്രി സജി ചെറിയാന്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയ്ക്ക് കൈമാറി.
കടല്‍തീരം കൂടുതലുള്ളത് കാസര്‍കോട്:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ള ജില്ല കാസര്‍കോടാണെന്നും ഇവിടെ മത്സ്യ വിഭവങ്ങള്‍ സംസ്‌കരിക്കുന്നതിനും മാര്‍ക്കറ്റ് ചെയ്യുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയുടെ കേന്ദ്ര വിഹിതം കൃത്യമായി വിതരണം ചെയ്യണമെന്നും മത്സ്യ തൊഴിലാളികള്‍ വില്‍ക്കുന്ന മത്സ്യത്തിന് കൃത്യമായ വില ലഭിക്കുന്നതിന് വേണ്ടി നിയമ നിര്‍മാണം നടത്തണമെന്നും എം.പി പറഞ്ഞു. വിവിധ വിഷയങ്ങൾ അവശ്യപ്പെട്ടുകൊണ്ട് എം.പി കേന്ദ്ര ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകി.
പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജനയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷത്തിലധികം രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്‌തു.
14 പേര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും നല്‍കി. മത്സ്യത്തൊഴിലാളികള്‍, തീരദേശ നിവാസികള്‍, മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് എന്നിവരുമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല സംവദിച്ചു.