കാസര്‍കോട്: തൊഴിലില്ലായ്‌മക്ക് പരിഹാരം കാണല്‍ പ്രഥമ ലക്ഷ്യമെന്ന് നിയുക്ത തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍. കാസര്‍കോട് പ്രസ് ക്ലബിന്‍റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാണാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കും. ഇതിനായി വ്യാവസായിക മേഖലയില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരും. ചീമേനിയിലെ വ്യവസായ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും വനിതാ സംരംഭങ്ങളും സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം മേഖലക്ക് ഏറെ സാധ്യതകള്‍ മണ്ഡലത്തില്‍ ഉണ്ട്. വലിയപറമ്പ് ടൂറിസം വില്ലേജ്, കായല്‍ ടൂറിസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. മലബാര്‍ റിവര്‍ ക്രൂയിസ് ബോട്ട് ടെര്‍മിനലിന് തുടക്കം കുറിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ വിപുലീകരണം നടത്തും. പ്രാദേശിക സാധ്യതകള്‍ കണ്ടറിഞ്ഞ പദ്ധതികളാണ് ആവിഷ്‌കരിക്കുക. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. നൂതന കോഴ്‌സുകള്‍ മണ്ഡലത്തില്‍ കൊണ്ടുവരുമെന്നും ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.