കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയുമാണ് സമരരംഗത്തുള്ളത്. നേരത്തെ ക്രൈം ബ്രാഞ്ച് സംഘം ഖാസിയുടെ മരണം ആത്മഹത്യാണെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. തുടര്‍ന്നെത്തിയ സി.ബി.ഐ സംഘത്തിനും മറിച്ചൊരു നിഗമനത്തിലേക്കെത്താന്‍ കഴിഞ്ഞിരുന്നില്ല. സി.ബി.ഐയുടെ പുതിയ സംഘത്തെ അന്വേഷണമേല്‍പ്പിച്ച് ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.
ഖാസിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം തുടരണമെന്നാവശ്യപ്പെട്ട് പ്രതിഷേധം - ഖാസി സി.എം അബ്ദുല്ലമൗലവി
സി.ബി.ഐയുടെ മറ്റൊരു സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
പത്ത് വര്‍ഷം മുന്‍പാണ് ചെമ്പരിക്കയിലെ വീടിന് സമീപം കടല്‍ത്തീരത്തെ കടുക്ക കല്ലില്‍ ഖാസിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചതോടെയാണ് കാസര്‍കോട് കേന്ദ്രീകരിച്ച് സമരം തുടങ്ങിയത്. പ്രായാധിക്യമുള്ള ഖാസിക്ക് രാത്രി സമയത്ത് ഒറ്റക്ക് കടുക്കക്കല്ലിന് സമീപം എത്താന്‍ സാധിക്കില്ലെന്നും ഇസ്ലാമിക പണ്ഡിതനായ ഖാസി ആത്മഹത്യ ചെയ്യില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഒരുവര്‍ഷം മുന്‍പ് കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ വീണ്ടും ആരംഭിച്ച അനിശ്ചിതകാല സമരമാണ് ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്. വിവിധ സുന്നി സംഘടനകളുമായി സഹകരിച്ചായിരിക്കും സമരമെന്നാണ് സൂചന.