കാസർകോട്:മതസൗഹാർദത്തിന്‍റെയും മാനുഷിക സ്‌നേഹത്തിന്‍റെയും സന്ദേശം നൽകി പള്ളിവാളുമേന്തി വെളിച്ചപ്പാട് പള്ളിമുറ്റത്ത്. ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും അതിർവരമ്പുകൾ തീർക്കുന്ന ഇക്കാലത്ത് മത സൗഹാർദത്തിന്‍റെ മഹനീയ മാതൃകയാണ് മഞ്ചേശ്വരം മാട ഉദ്യാവര അരസു മഞ്ചിഷ്‌ണാര്‍ ക്ഷേത്രവും ആയിരം ജമാഅത്ത് പള്ളിയും. പുണ്യ മാസമായ റമദാനിലെ ജുമുഅ നമസ്‌കാരം കഴിഞ്ഞിറങ്ങിയ മുസ്‌ലിം വിശ്വാസികൾ വെളിച്ചപ്പാടിനെയും പരിവാരങ്ങളെയും സർവ ആദരവോടെയും സ്വീകരിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും പുരാതന ആരാധനാലയങ്ങളിൽപ്പെട്ടതാണ് ഉദ്യാവര അരസു മഞ്ചിഷ്‌ണാര്‍ ക്ഷേത്രവും ആയിരം ജമാഅത്ത് ജുമുഅ മസ്‌ജിദും. ഇവിടെത്തെ മതസൗഹൃദ ആചാര അനുഷ്‌ഠാനങ്ങൾക്കും പോലും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിക്കാന്‍ വെളിച്ചപ്പാടും പരിവാരങ്ങളും പള്ളിയില്‍ പോവുകയും പള്ളിയിലെ ഉറൂസിന് ക്ഷണിക്കാന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തില്‍ എത്തുന്നതും ഇവിടെ സാധാരണമാണ്. ക്ഷണവുമായി വരുന്നവരെ സർവ ആദരവോടെ സ്വീകരിക്കും.
മെയ് 9 മുതൽ 12 വരെ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന് ക്ഷണിക്കാനാണ് വെളിച്ചപ്പാടും ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും ആയിരം ജമാഅത്ത് ജുമുഅ മസ്‌ജിദ് മുറ്റത്ത് എത്തുന്നത്. വിഷു കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ചയായാണ് ഇതിനായി തെരെഞ്ഞെടുക്കുന്നത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷമാണ് വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളും നാട്ടുകാരും പുറപ്പെട്ടത്.