കാസര്‍കോട്:വോട്ടെടുപ്പിന് പിന്നാലെ കൂട്ടലും കിഴിക്കലുമൊക്കെ മുന്നണികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബലാബലം മത്സരങ്ങള്‍ നടന്ന മണ്ഡലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളാണ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. എല്ലാ കാലത്തും ഇടതുമുന്നണിയെ തുണച്ച കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം ഇത്തവണ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് ഇടതു മുന്നണി പങ്കുവെക്കുന്നത്.
ഉദുമയില്‍ കാറ്റ് മാറി വീശുമെന്ന് യുഡിഎഫ്, കോട്ട നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് - ഉദുമയില്‍ കാറ്റ് മാറി വീശുമെന്ന് യുഡിഎഫ്
ഉദുമ മണ്ഡലത്തില്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം ഇത്തവണ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് ഇടതു മുന്നണിക്കുള്ളത്.
കഴിഞ്ഞ തവണ കെ.സുധാകരനെ രംഗത്തിറക്കി ഉദുമ പിടിക്കാന്‍ നടത്തിയ നീക്കം പരാജയപ്പെട്ടെങ്കിലും ഇത്തവണ നാട്ടുകാരനിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലും കണക്കുകൂട്ടലിലുമാണ് യുഡിഎഫ്. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ട് സീറ്റുകളില്‍ ജയസാധ്യത ഏറെ വെച്ചു പുലര്‍ത്തുന്ന മണ്ഡലം. രാഷ്‌ട്രീയത്തിനതീതമായ വോട്ടുകള്‍ ഗതി നിര്‍ണയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ ബാലകൃഷ്‌ണന്‍ പെരിയ. സിപിഎം പ്രവര്‍ത്തകരടക്കം മാറ്റത്തിനായി വോട്ടു ചെയ്‌തുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്നാല്‍ രാഷ്‌ട്രീയ വോട്ടുകള്‍ക്കൊപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം കോണ്‍ഗ്രസില്‍ ഉണ്ടായ അസ്വാരസ്യവും തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ മികച്ച ഭൂരിപക്ഷം നേടുമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചു വരവാണ് ഇടതു മുന്നണിയുടെ ആശ്വാസം. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴും മണ്ഡലത്തില്‍ നിലനില്‍ക്കുന്നുവെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.