കാസര്‍കോട്:പഞ്ചസഭയില്‍ കൊമ്പ് കോര്‍ത്ത് ഉദുമ മണ്ഡലം സ്ഥാനാര്‍ഥികള്‍. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്പോരില്‍ ഏര്‍പ്പെട്ടത്. പ്രതിപക്ഷ നേതാവ് തിരികൊളുത്തി വിട്ട ഇരട്ട വോട്ട് വിഷയത്തിലായിരുന്നു നേതാക്കള്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്. ഇടതുമുന്നണി എന്ന് കള്ളവോട്ട് അവസാനിപ്പിക്കുന്നുവോ അന്ന് യുഡിഎഫ് ജനപ്രതിനിധി ജയിച്ചു കയറുമെന്നായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയുടെ പക്ഷം. എന്നാല്‍ ഉദുമ പോലുള്ള മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ ചെയ്യേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്ന് സിപിഎം സ്താനാര്‍ഥി സിഎച്ച് കുഞ്ഞമ്പു തിരിച്ചടിച്ചു. അതേസമയം സിപിഎം കേന്ദ്രങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ പോലും തുറക്കാന്‍ സമ്മതിക്കാത്ത സ്ഥിതിയാണെന്നും അവരുടെ പ്രദേശങ്ങളില്‍ കള്ളവോട്ടുകള്‍ വ്യാപകമാണെന്നും പറഞ്ഞ ബിജെപി സ്ഥാനാര്‍ഥി എ വേലായുധന്‍ പറഞ്ഞു. ഇത്തവണത്തെ പോളിങില്‍ ബിജെപി ഉദുമയില്‍ നിര്‍ണായക ഘടകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നയം വ്യക്തമാക്കി ഉദുമ സ്ഥാനാര്‍ഥികള്‍, ഇരട്ട വോട്ടില്‍ വാക്പോര് - സിപിഎം
ഉദുമയുടെ വികസനത്തെക്കുറിച്ച് മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം മണ്ഡലത്തിന്‍റെ സമഗ്രമായ വികസന പദ്ധതികളില്‍ സ്ഥാനാര്‍ഥികള്‍ ഓരോരുത്തര്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു പഞ്ചസഭയിലെ വാദങ്ങള്‍. ബാവിക്കര പദ്ധതി യാഥാര്‍ഥ്യമായത് ഇടതുസര്‍ക്കാര്‍ വന്നത് കൊണ്ടാണെന്ന് സിഎച്ച് കുഞ്ഞമ്പു പറഞ്ഞു. ആരോഗ്യ രംഗത്ത് കേന്ദ്രം എയിംസ് അനുവദിച്ചാല്‍ അതിന് ഉദുമയില്‍ സ്ഥലം കണ്ടെത്തുമെന്നും നിയമ കലാലയം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനം എന്ന ഒറ്റ അജണ്ടയിലൂടെ ഉദുമയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ബിജെപി സ്ഥാനാര്‍ഥി എ വേലായുധന്‍ വ്യക്തമാക്കി. പുതിയ ഉദുമ എന്ന മുദ്രാവാക്യത്തിലൂടെ എല്ലാ തരത്തിലും പുതുമ കൊണ്ടുവരാനാണാഗ്രഹമെന്ന് ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയില്‍ വാക്കുകള്‍ കൊണ്ട് പോരടിക്കുമ്പോഴും പരസ്പര ബഹുമാനവും സൗഹൃദവും നിലനിര്‍ത്തുന്ന കാഴ്ചകളും പഞ്ചസഭയില്‍ ദൃശ്യമായി.