കാസര്‍കോട്: മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനിലൂടെ വീണ്ടും ആധിപത്യമുറപ്പിച്ച് മുസ്ലീം ലീഗ്. ബി.ജെ.പിയുടെ രവീശതന്ത്രി കുണ്ടാർ രണ്ടാമതെത്തിയപ്പോൾ സി.പി.എമ്മിലെ ശങ്കർ റൈ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ ബി.ജെ.പിയിലെ കെ.സുരേന്ദ്രനേക്കാൾ 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് വിജയിച്ചത്. ഈ ഭൂരിപക്ഷത്തിനാണ് ഉപതെരഞ്ഞെടുപ്പിൽ വലിയ വർധനവുണ്ടായത്. വോട്ടെണ്ണൽ തുടങ്ങി ആദ്യാവസാനം എം.സി ഖമറുദ്ദീൻ പിറകോട്ട് പോയില്ല. ഒടുവിൽ നേടിയത് 7,923 വോട്ട് ഭൂരിപക്ഷത്തിന്‍റെ ആധികാരിക വിജയം.
യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായി മഞ്ചേശ്വരം
മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷനും യുഡിഎഫ് ജില്ലാ ചെയർമാനുമായ എം.സി.ഖമറുദ്ദീനാണ് ഉപതെരഞ്ഞെടുപ്പിൽ ആധികാരിക വിജയം നേടിയത്.
സ്ഥാനാർഥി നിർണയ സമയത്ത് പ്രാദേശിക വാദമുന്നയിച്ചുള്ള പ്രതിഷേധങ്ങളെ അതിജീവിച്ചാണ് ഖമറുദ്ദീൻ മഞ്ചേശ്വരത്ത് മത്സരിച്ചത്. ഖമറുദീനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ നിലപാട് ശരിവെക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണ് മഞ്ചേശ്വരത്തുണ്ടായതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ഖമറുദ്ദീന്‍റെ വിജയത്തെക്കുറിച്ച് പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് രീതിയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. ഇടതു മുന്നണി പ്രധാന മത്സരമായി കണ്ടത് അരൂരിലാണ്. അവിടെ ഷാനിമോൾ ഉസ്‌മാൻ വിജയിച്ചത് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .പാലാ ഒരു പാഠമാകണമെന്ന് പറഞ്ഞെങ്കിലും നേതാക്കളുടെ തെറ്റായ സന്ദേശമാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന് കാരണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.