കാസർകോട്: കാഞ്ഞങ്ങാടെ പിഞ്ചു കുഞ്ഞിന്‍റെ മരണം നാടിന്‍റെ നൊമ്പരമായി. കുഞ്ഞിനെ കാണാനില്ല എന്ന് തിരിച്ചറിഞ്ഞതോടെ നാട് മുഴുവൻ തെരച്ചിലിൽ ആയിരുന്നു. പിന്നീട് ദുഃഖവാർത്തയാണ് എത്തിയത്.
മഡിയൻ സബാൻ റോഡിലെ കുഞ്ഞബ്ദുല്ലയുടെയും ഹസീനയുടെയും രണ്ടര വയസുകാരൻ സൽമാൻ ആണ് കിണറ്റിൽ വീണു മരിച്ചത്. കളിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ കളിപ്പാട്ടമെടുക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം.
കിണറ്റിനു ചുറ്റിലും മണ്ണിട്ടതിനാൽ ആൾമറയുടെ ഉയരം കുറഞ്ഞിരുന്നു. കളിക്കുന്നതിനിടെ തെറിച്ചുവീണ കളിപ്പാട്ടം വലയിൽ കുടുങ്ങി. ആൾമറയിൽ കയറി കുട്ടി കളിപ്പാട്ടമെടുക്കാനായി കൈനീട്ടിയപ്പോൾ തെന്നിവീഴുകയായിരുന്നു. 23 മീറ്റർ ആഴമുള്ള കിണറാണ്. അടുത്ത് ആരുമുണ്ടായിരുന്നില്ല. കുട്ടിയുടെ ശബ്ദം കേൾക്കാഞ്ഞതിനെ തുടർന്ന് വീട്ടുകാർ എല്ലായിടത്തും തിരയാൻ തുടങ്ങി. പിന്നീട് നാട്ടുകാരും ഒപ്പം ചേർന്ന് തിരഞ്ഞു.
വല നീങ്ങിയതായി ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നിയതിനെ തുടർന്നാണ് കിണറ്റിൽ ഇറങ്ങി നോക്കിയത്. അപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. വായു സഞ്ചാരം കുറഞ്ഞ കിണറായിരുന്നു ഇത്. കുട്ടിയെ അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഗ്നിരക്ഷാസേന ജീവനക്കാരൻ രാജൻ സ്‌കൂബസെറ്റ് ധരിച്ചാണ് വായു സഞ്ചാരം കുറഞ്ഞ കിണറ്റിലിറങ്ങിയത്.
ALSO READ:വയസ് എട്ട്: പേര് ചിന്നു, സ്കൂളിനെ കുറിച്ച് കേട്ടറിവ് പോലും ഇല്ല; അധികൃതര്‍ അവഗണിച്ച ആദിവാസി ഊര്