കാസർകോട്: കിഫ്ബി ധനസഹായത്തോടെ ഒരുങ്ങുന്ന ടി.എസ് തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്‍റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌തു. സാംസ്‌കാരിക മേഖലയ്ക്കായി വിവിധ ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ ഒരുക്കുക എന്ന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് സാംസ്‌കാരിക സമുച്ചയം ജില്ലയില്‍ ഒരുങ്ങുന്നത്.
ടി.എസ് തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്‍റെ നിര്‍മാണത്തിന് തുടക്കം - കിഫ്ബി ധനസഹായം
വിവിധ ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ ഒരുക്കുക എന്ന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ സമുച്ചയത്തിന്‍റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായത്.
മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയിലെ 3.77 ഏക്കര്‍ ഭൂമിയില്‍ 41.95 കോടി രൂപയില്‍ പണി കഴിപ്പിക്കുന്ന സമുച്ചയം കാസര്‍കോടിന്‍റെ സമ്പന്നമായ കലാ സാംസ്‌കാരിക പാരമ്പര്യത്തെ ലോകത്തിന് പരിചയപ്പെടുത്തും. 69,250 ചതുരശ്ര അടി വിസ്‌തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 14750 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള വിവര വിതരണ കേന്ദ്രം, സ്‌മാരക ഹാള്‍, സുവനീര്‍ വില്‍പന ശാലകള്‍, ഗ്രന്ഥ ശാല, ഭരണ നിര്‍വ്വഹണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന പ്രവേശന ബ്ലോക്ക്, 29,750 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള പ്രദര്‍ശന ശാല, ബ്ലാക്ക് ബുക്ക് തിയേറ്റര്‍, സെമിനാര്‍ ഹോള്‍, പഠന മുറികള്‍, കലാകാരന്‍മാര്‍ക്കുള്ള പണിശാലകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദര്‍ശന ബ്ലോക്കും സമുച്ചയത്തിന്‍റെ ഭാഗമാണ്.
10,750 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഓഡിറ്റോറിയം, പതിനാലായിരം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഗോത്രകലാ മ്യൂസിയം, ഫോക്ലോര്‍ സെന്‍റര്‍, കഫെറ്റീരിയ എന്നിവ അടങ്ങിയ കഫെറ്റീരിയ ബ്ലോക്ക്, 650 പേര്‍ക്ക് സുഗമമായി പരിപാടികള്‍ വീക്ഷിക്കാന്‍ സാധിക്കുന്ന ഓപ്പണ്‍ എയര്‍ മ്യൂസിയം എന്നിവയും സാംസ്‌കാരിക സമുച്ചയത്തിന്‍റെ ഭാഗമാകും. 2021 ഫെബ്രുവരിയോടെ സമുച്ചയം യാഥാര്‍ത്ഥ്യമാകും. ചടങ്ങില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യ അതിഥിയായി.