കാസര്‍കോട്:പ്രിയ സംവിധായകന്‍റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളുടെ പേര് മരത്തില്‍ കൊത്തിവച്ച് ആദരമര്‍പ്പിച്ച് ബങ്കളം സ്വദേശി മധു. അടുത്തിടെ അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്‍റെ (Director Siddique) സ്‌മരണയ്‌ക്കായാണ് മധു ബങ്കളം വേറിട്ട രീതിയിലൊരു ശില്‍പം രൂപകല്‍പ്പന ചെയ്‌തത്. ചിത്രങ്ങളില്‍ അവയുടെ പേര് ആലേഖനം ചെയ്‌തിരിക്കുന്ന അതേ മാതൃകയിലാണ് ശില്‍പ്പത്തിലും അവ കൊത്തിയിരിക്കുന്നത്.
മഹാഗണി മരത്തിന്‍റെ തടിയില്‍ മൂന്നടി ഉയരത്തിലാണ് ശില്‍പ്പത്തിന്‍റെ നിര്‍മാണം. ഒറ്റ ദിവസം കൊണ്ടായിരുന്നു ശില്‍പി മധു ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 'ചിരിയുടെ ഗോഡ്‌ഫാദറിന് വിട' എന്ന തലവാചകത്തില്‍ ഒരുക്കിയിരിക്കുന്ന ശില്‍പത്തില്‍ റാംജി റാവ് സ്‌പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഫ്രണ്ട്സ് എന്നിങ്ങനെ തനിക്ക് ഏറെ പ്രിയപ്പെട്ട എട്ട് സിനിമകളുടെ പേരാണ് മധു ആലേഖനം ചെയ്‌തിരിക്കുന്നത്.
ചലച്ചിത്ര മേഖലയില്‍ താന്‍ ഏറെ ആരാധിച്ചിരുന്ന സംവിധായകനാണ് സിദ്ദിഖ്. അദ്ദേഹം സംവിധാനം ചെയ്‌ത് ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ഫ്രണ്ട്‌സ്' എന്ന ചിത്രമാണ് മധുവിന് കൂടുതല്‍ ഇഷ്‌ടം. ഈ ചിത്രം പല തവണ താന്‍ കണ്ടിട്ടുണ്ടെന്നുമാണ് മധു പറയുന്നത്.
രണ്ടര ദശാബ്‌ദത്തിലേറെക്കാലമായി മരത്തില്‍ കൊത്ത് പണികള്‍ ചെയ്യുന്ന വ്യക്തിയാണ് ശില്‍പി മധു. നേരത്തെ, അക്ഷരങ്ങള്‍ കൊത്തിയെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും തന്‍റെ പേര് ചേര്‍ക്കാന്‍ മധുവിന് സാധിച്ചിരുന്നു. കഴിഞ്ഞ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മധു മരത്തില്‍ നിര്‍മ്മിച്ച് നല്‍കിയ മൊമന്‍റോകളായിരുന്നു മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്.