കാസർകോട്: കരിങ്കല്‍ ക്വാറിക്കെതിരെ കാസര്‍കോട് ആദിവാസികളുടെ പ്രതിഷേധ സമരം. ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന പാറക്കൂട്ടങ്ങളും കുടിവെള്ള ക്ഷാമവും നേരിടുന്ന പ്രദേശത്താണ് ഒരു കരിങ്കല്‍ ക്വാറി കൂടി വരുന്നത്. കാസർകോടിന്‍റെ മലയോര ഗ്രാമമായ പൊങ്ങച്ചാലിലാണ് അമ്പതിലധികം കുടുംബങ്ങൾ താമസിക്കുന്ന ആദിവാസി കോളനിയുടെ തൊട്ടടുത്ത് ക്വാറിയുടെ പ്രവർത്തനം തുടങ്ങാൻ നീക്കം നടക്കുന്നത്.
ക്വാറി ഭീഷണിയിൽ ഒരു ഗ്രാമം; പ്രതിഷേധവുമായി ആദിവാസികൾ - KASARGOD LOCAL NEWS
കാസര്‍കോട് പൊങ്ങച്ചാലിലാണ് വനം കയ്യേറി പ്രവർത്തനം തുടങ്ങാൻ പോകുന്ന ക്വാറിക്കെതിരെ ആദിവാസികളുടെ പ്രക്ഷോഭം.

വനം കയ്യേറി പ്രവർത്തനമാരംഭിക്കാനൊരുങ്ങുന്ന ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചു. മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയുമുള്ള പ്രദേശത്ത് ഖനനം ആരംഭിച്ചാൽ ഗുരുതരമായ പരിസ്ഥിതി ആഘാതത്തിന് വഴിയൊരുക്കുമെന്നാണ് പ്രദേശവാസികളുടെ പരാതി. ക്വാറി വന്നാൽ മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രളയ കാലത്ത് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ച പ്രദേശത്താണ് കരിങ്കൽ ക്വാറി പ്രവർത്തനം തുടങ്ങുന്നത്.
ആദിവാസി കുടുംബങ്ങളും, അംഗൻവാടിയും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഖനനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ളരിക്കുണ്ട് തഹസിൽദാറും, മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ക്വാറിയുടെ പ്രവർത്തനത്തിനായി ലൈസൻസ് നൽകിയത്. നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ വിഷയത്തിൽ റിപ്പോർട്ട് നൽകാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് ജില്ല കലക്‌ടർ നിർദേശം നൽകി. പ്രദേശത്ത് ക്വാറി തുടങ്ങാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്നാണ് നാട്ടുകാരുടെ നിലപാട്. ഇതിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.