കാസര്‍കോട് : ലിംഗവൈവിധ്യത്തിന്‍റെ പേരിൽ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ ഒന്നായി മാറിയ നിമിഷം. ആടിയും പാടിയും എല്ലാം മറന്ന് അവർ ആനന്ദിച്ചു. കാസർകോട് ബിആർഡിസി കൾച്ചറൽ സെന്‍ററിൽ നടന്ന ത്രിദിന ട്രാൻസ്ജെൻഡേഴ്‌സ് സംസ്ഥാന ക്യാമ്പിലാണ് മനസ് നിറയ്ക്കുന്ന കാഴ്‌ച.
ആടിയും പാടിയും വേര്‍തിരിവുകളലിയിച്ച് ; മാരിവില്ലഴകിൽ ട്രാൻസ്ജെൻഡേഴ്‌സ് ക്യാമ്പ്
കാസർകോട് ബിആർഡിസി കൾച്ചറൽ സെന്‍ററിലാണ് ത്രിദിന ട്രാൻസ്ജെൻഡേഴ്‌സ് ക്യാമ്പ് നടന്നത്
അഞ്ച് ജില്ലകളിൽ നിന്നായി അമ്പതോളം ട്രാൻസ്ജെൻഡര്‍മാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ഒത്തുചേരലിനൊപ്പം സർഗശേഷി വളർത്തുന്നതിനുള്ള വേദി കൂടിയായിരുന്നു ക്യാമ്പ്.
തൊഴിൽ പരിശീലനം, കല - സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ എന്നിവയാണ് മൂന്ന് ദിവസത്തെ ക്യാമ്പിൽ നടന്നത്. ട്രാൻസ്ജെൻഡര്‍മാരെ മനുഷ്യരായി കാണാൻ ഒരു വിഭാഗം ഇപ്പോഴും മടിക്കുമ്പോൾ, അവരുടെ ആടിയും പാടിയുമുള്ള ഒത്തുചേരലിനൊപ്പം നാട്ടുകാരും പങ്കുചേർന്നത് അതുല്യ മുഹൂര്‍ത്തമായി.