റാണിപുരത്തേക്ക് ഒഴുകിയെത്തി സഞ്ചാരികൾ കാസർകോട്:ആദ്യം മഴപെയ്യും.. മഴ കഴിഞ്ഞാൽ മരം പെയ്‌ത് തുടങ്ങും.. പിന്നെ കോടമഞ്ഞ് ആ പച്ചവിരിച്ച മലയെ മൂടും. കേരളത്തിന്‍റെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണിപുരത്തെ ഇപ്പോഴത്തെ കാഴ്‌ചയാണിത്. നിരവധി സഞ്ചാരികളാണ് ഈ കാഴ്‌ച ആസ്വദിക്കാൻ റാണിപുരത്തിന്‍റെ മലമുകളിലേക്ക് എത്തുന്നത്.
റാണിപുരത്തിന് മാടത്തുമല എന്ന പേരുകൂടിയുണ്ട്. താഴെ നിന്നും കാട്ടിലൂടെ മൺപാത കയറി ഇറങ്ങി 2.5 കിലോമീറ്റർ സഞ്ചരിച്ചു വേണം റാണിപുരത്തിന്‍റെ മുകളിൽ എത്താൻ ഇവിടേക്കാണ് കൂടുതൽ ആളുകൾ എത്തുന്നത്. എന്നാൽ, അതിലും മനോഹര കാഴ്‌ച ആസ്വദിക്കാനായി റാണിപുരത്തിന്‍റെ ഏറ്റവും മുകളിലേക്ക്, അതായത് 2 കിലോമീറ്റർ കൂടി സഞ്ചരിച്ച് ഏറ്റവും മുകളിൽ എത്തും. അവിടെ നിന്നും കാണുന്ന കാഴ്‌ച സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുക.
മുളകൊണ്ട് നിർമിച്ച ഒരു കവാടത്തിലൂടെയാണ് യാത്ര തുടങ്ങുന്നത്. കാരകിലിന്‍റെയും വെള്ളചേരിന്‍റെയും കുരങ്ങു മഞ്ഞളിന്‍റെയും കാട്ടുവള്ളികളുടെയും തലോടലേറ്റ് പക്ഷികളുടെ പാട്ടും മുകളിലോട്ട് കയറണം. ചീവീടുകളുടെ ശബ്‌ദവും സഞ്ചാരികളെ പിന്തുടർന്നുകൊണ്ടേയിരിക്കും.
മുകളിൽ എത്തിയാൽ നോക്കാത്ത ദൂരത്തുള്ള പച്ചപ്പുല്ലുകളാണ് ആദ്യം വരവേൽക്കുക. പച്ചപ്പുല്ലുകൾക്ക് ഇടയിലൂടെ അവയെ തഴുകി നടന്നാൽ മുന്നിൽ പ്രകൃതി ഒരുക്കിയ സൗന്ദര്യം കാണാം. ശനി, ഞായർ ദിവസങ്ങളിലാണ് ഇവിടെ സഞ്ചാരികളുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്.
മഴ നടത്തത്തിനും സംഘങ്ങൾ എത്തുന്നുണ്ട്. വനിതകൾ മാത്രം അടങ്ങുന്ന യാത്ര സംഘങ്ങളും സ്ഥിരമായി എത്താറുണ്ട്. സുരക്ഷ പ്രശ്‌നങ്ങൾ ഇല്ലാതെ ആർക്കും സ്വതന്ത്രമായി വരാൻ സാധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് റാണിപുരം. വനസംരക്ഷണ സമിതിയുടെ വാച്ചർമാരാണ് ഇവിടെയത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നത്.
ട്രക്കിങ് പ്രേമികളുടെ ഇഷ്‌ടകേന്ദ്രം : സുരക്ഷിതമായ ട്രക്കിങ്ങിന് പറ്റിയ പ്രദേശമായതിനാൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ റാണിപുരത്ത് എത്തുന്നു എന്നതും പ്രത്യേകതയാണ്. ഏറ്റവും മുകളിൽ എത്താൻ 4.5 കിലോമീറ്റർ താണ്ടണം. കോടമഞ്ഞ് ഇടയ്ക്കിടെ തലോടുന്നതിനാൽ ക്ഷീണം അറിയുന്നില്ലെന്നു സഞ്ചാരികൾ പറയുന്നു.
റാണിപുരം ഇതുവരെ കാണാത്ത അത്രയും സഞ്ചാരികളാണ് ഈ മഴക്കാലത്ത് എത്തുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 1046 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.
കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ റാണിപുരത്തെത്തും. 1970-കളിൽ കോട്ടയത്ത് നിന്ന് 46 ക്‌നാനായ കുടുംബങ്ങൾ ഇവിടേക്ക് കുടിയേറ്റം നടത്തി. പരിശുദ്ധ മറിയത്തിന്‍റെ ഓർമയ്ക്കായി മാടത്തുമലയ്ക്ക് അവർ നൽകിയ പേരാണ് റാണിപുരം.
കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാതയിലെ പനത്തടി ടൗണില്‍ നിന്ന് 9.5 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാട്ട് നിന്ന് 45 കിലോമീറ്റര്‍ ദൂരമാണുള്ളത്.
കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് മടിക്കേരി- വാഗമണ്ഡലം- പാണത്തൂര്‍ വഴി 100 കിലോമീറ്റര്‍ സഞ്ചരിക്കണം. കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 107 കിലോമീറ്ററും മംഗളൂരു ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 125 കിലോമീറ്ററും ആണ് ദൂരം.
റാണിപുരത്ത് നിന്ന് 51 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസിദ്ധമായ ബേക്കല്‍ കോട്ടയിലെത്താം. ബേക്കല്‍ കോട്ടയ്ക്ക് അടുത്ത് തന്നെയാണ് പള്ളിക്കര ബീച്ചും. ആവശ്യമായ സഹായങ്ങൾക്കും സുരക്ഷിതത്വത്തിനുമായി വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും മലമുകളിലുണ്ടാകും. രാവിലെ 8 മുതൽ വനംവകുപ്പ് കൗണ്ടറിൽ നിന്നും ടിക്കറ്റ് വിതരണം ആരംഭിക്കും.
വൈകിട്ട് 5.30 ആണ് തിരിച്ചിറങ്ങാനുള്ള സമയം. റാണിപുരത്ത് എത്തുന്നവർക്ക് താമസിക്കാൻ ഡിടിപിസി ക്വാട്ടേഴ്‌സിലും നിരവധി സ്വകാര്യ ക്വാട്ടേഴ്‌സുകളിലും ഭക്ഷണം ഉൾപ്പെടെയുള്ള താമസ സൗകര്യം ലഭ്യമാണ്. താമസ സൗകര്യവും ആവശ്യമായ ഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും.